Advertisement

ബല്‍റാമിനെതിരെ ടി സിദ്ദിഖ്; എഴുത്തുകാരിയെ ആക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല

February 24, 2019
1 minute Read

ഫെയ്‌സ്ബുക്കില്‍ എഴുത്തുകാരി കെ.ആര്‍.മീരയ്‌ക്കെതിരെ വി ടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ടി സിദ്ദിഖ്. എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയില്‍ ആക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌ക്കാരമല്ലെന്ന് സിദ്ദിഖ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കെ.ആര്‍.മീരയുടെ ചിത്രവും പെരിയ ഇരട്ടക്കൊലപാതകത്തെപ്പറ്റി മീര ഫെയ്‌സ്ബുക്കിലിട്ടിരുന്ന കുറിപ്പും സഹിതമാണ് സിദ്ദിഖിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

കേരളത്തിലെ 90% സാംസ്‌കാരിക നായകരും കാശിക്ക് പോയ അവസ്ഥയില്‍ ഇത്രയെങ്കിലും പ്രതികരിച്ച കെ ആര്‍ മീരയെ പരിഗണിക്കണമെന്നും സിപിഎമ്മിനെനെതിരെ എഴുതാന്‍ അവര്‍ ഭയന്നില്ലല്ലോയെന്നും സിദ്ദിഖ് ചോദിക്കുന്നു. എന്നാല്‍ വി ടി ബല്‍റാമിനെ പോ മോനെ ബാലരാമ എന്ന് വിളിച്ചത് അംഗീകരിക്കാവുന്ന ഒന്നല്ല. അതവര്‍ തിരുത്തി എന്നാണു അറിയാന്‍ കഴിഞ്ഞത്. നമ്മള്‍ നമ്മുടെ സഹോദരങ്ങളെ വെട്ടിക്കൊന്ന വിഷയത്തില്‍ നിന്ന് തെന്നിമാറാന്‍ അനുവദിക്കരുതെന്നും സിദ്ദിഖിന്റെ പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസം വി ടി ബല്‍റാം എംഎല്‍എ യെ പരോക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കെആര്‍ മീര കുറിപ്പെഴുതിയിരുന്നു. വിമര്‍ശനങ്ങള്‍ വരുമ്പോള്‍ രണ്ട് മാര്‍ഗങ്ങളാണ് ഉള്ളതെന്നും ഒന്ന് മിണ്ടാതിരുന്ന് നല്ല കുട്ടിയാവുക എന്നും അല്ലെങ്കില്‍ അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക എന്നുമാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നത്.

ഇതിനെതിരെ കെ.ആര്‍.മീരയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എയും രംഗത്തെത്തിയിരുന്നു. പോ മോളെ മീരേ എന്നു പറയുന്നവര്‍ പേര് ഭേഗതിപ്പെടുത്തരുതെന്നും ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മീരയുടെ പോസ്റ്റില്‍ നല്‍കിയ മറുപടിയില്‍ വി ടി ബല്‍റാം പറഞ്ഞിരുന്നു.

 

ഇതിനു പിന്നാലെ വിടി ബല്‍റാം എംഎല്‍എ യുടേത് അശ്ലീലച്ചുവയുള്ള പരാമര്‍ശമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ടി  ടി സിദ്ധിഖും രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top