മിറാഷ് വിമാനങ്ങള്‍ വീണ്ടും ഇരമ്പിയെത്തി; ഭീകരക്യാമ്പുകള്‍ ചുട്ടെരിച്ച് ഇന്ത്യയുടെ മിന്നലാക്രമണം

പാക് അധീന കാശ്മീരിലെ ഭീകരതാവളം തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗപ്പെടുത്തിയത് മിറാഷ് 2000 ജെറ്റ് യുദ്ധവിമാനങ്ങളാണ്. 12 മിറാഷ് വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് മിറാഷ് പോര്‍ വിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നത്. ലേസര്‍ സംവിധാനത്തിന്റെ സഹായത്തോടെ കൃത്യമായി ബോംബിങ് നടത്താന്‍ കഴിവുള്ള വിമാനങ്ങളാണിവ. വളരെ താഴ്ന്നുപറക്കാന്‍ കഴിയുന്ന വിമാനങ്ങളെന്ന പ്രത്യേകതയും മിറാഷ് പോര്‍വിമാനങ്ങള്‍ക്കുണ്ട്.പാക്കിസ്ഥാന്റെ റഡാര്‍ നിരീക്ഷണത്തില്‍ പെടാതെ ഇന്ന് പുലര്‍ച്ചെ മിന്നലാക്രമണം നടത്താന്‍ മിറാഷിന് സഹായകരമായതും ഈ പ്രത്യേകതയാണ്. ഭീകരക്യാമ്പുകള്‍ തകര്‍ക്കുന്നതിന്റെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും വിമാനത്തിലെ ക്യാമറകള്‍ വഴി പകര്‍ത്തിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഈ ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ പുറത്തുവിട്ടേക്കും.
ആയിരം കിലോയിലധികം സ്‌ഫോടക വസ്തുക്കളാണ് വായുസേന ഭീകരക്യാമ്പുകള്‍ക്കു മുകളില്‍ വര്‍ഷിച്ചത്. ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ലേസര്‍ ഘടിപ്പിച്ച ബോംബുകളാണ് ഇതിനായി ഉപയോഗിച്ചത്. അര മണിക്കൂറോളം നേരം മാത്രമെടുത്ത ആക്രമണത്തിന് ശേഷം വായുസേനയുടെ മിറാഷ് വിമാനങ്ങള്‍ സുരക്ഷിതമായി സൈനിക കേന്ദ്രങ്ങളില്‍ തിരിച്ചെത്തി. പാക് അധീനകശ്മീരിലെ ജെയ്‌ഷെ താവളങ്ങളുടെ വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ശേഷമായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം.
IAF Sources: At 0330 hours on 26th February a group of Mirage 2000 Indian Fighter jets struck a major terrorist camp across the LoC
and completely destroyed it. pic.twitter.com/RlxTJ4e3AF— ANI (@ANI) February 26, 2019
ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്. ഉറിയില്‍ നടത്തിയ തിരിച്ചടിക്ക് സമാനമായ രീതിയിലായിരുന്നു ബാല്‍ക്കോട്ട് മേഖലയില്‍ ഇന്ന് ഇന്ത്യ നടത്തിയ ആക്രമണം. അതേസമയം, നിയന്ത്രണ രേഖയില്‍ വെടിവെപ്പ് തുടരുകയാണ്. പൂഞ്ചിലും നഷൗരിയിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സുരക്ഷാ ഉപദേശ്ഷടാവ് അജിത് ദോവല്‍ പ്രധാനമന്ത്രിയെ തിരിച്ചടി സംബന്ധിച്ച കാര്യങ്ങള്‍ ധരിപ്പിച്ചു.രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 44 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here