ഇടുക്കി സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് (ജേക്കബ്)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് (ജേക്കബ്) രംഗത്തെത്തി. ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. നിയമസഭ സീറ്റ് വിഭജനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം പാര്‍ട്ടിയ്ക്ക് കിട്ടിയിരുന്നില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് വേണമെന്ന ആവശ്യമാണ് പാര്‍ട്ടിക്കുള്ളതെന്നും അനൂപ് ജേക്കബ് പറഞ്ഞു. രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.ജെ ജോസഫ് ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം കൂടി രംഗത്തെത്തിയിരിക്കുന്നത്.
കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ നിന്നും പിന്‍മാറാന്‍ കെ.എം.മാണി അടക്കമുള്ള നേതാക്കളുമായി യുഡിഎഫ് നേതാക്കള്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും രണ്ട് സീറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പിജെ ജോസഫ് കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടില്‍ ഈ ആവശ്യം ഉന്നയിച്ചതാണെന്നും ഈ ആവശ്യത്തില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നുമാണ് പിജെ ജോസഫ് വ്യക്തമാക്കിയത്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് ജോസഫിന്റെ ആവശ്യം. യുഡിഎഫ് സീറ്റ് വിഭജന യോഗത്തില്‍ രണ്ട് സീറ്റെന്ന വാദം വീണ്ടും ആവര്‍ത്തിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.
എന്നാല്‍ ഇതിനു പിന്നാലെ തന്നെ കൂടുതല്‍ സീറ്റുണ്ടാകില്ലെന്ന സൂചന നല്‍കി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ രംഗത്തെത്തിയിരുന്നു. സീറ്റ് വിഭജനത്തിന് മുന്നണിയില്‍ പൊതു മാനദണ്ഡമുണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പ്രതികരിച്ചത്. സീറ്റ് വിഭജനം സംബന്ധിച്ച പ്രായോഗികത ഘടക കക്ഷികള്‍ മനസിലാക്കണം. ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തലത്തിലേക്ക് വളരുമെന്ന് കരുതുന്നില്ല. കേരള കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ പരിഹരിക്കും.ഘടകക്ഷികള്‍ക്ക് അവകാശവാദങ്ങള്‍ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കിയിരുന്നു.
അതേ സമയം യു ഡി എഫിന്റെ ഉഭയകക്ഷി ചര്‍ച്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ആര്‍എസ്പിയുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. എറണാകുളം ഗസ്റ്റ്ഹൗസില്‍ വെച്ചാണ് ചര്‍ച്ച. യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ആര്‍എസ്പി നേതാക്കളായ എ എ അസീസ്, ഷിബു ബേബി ജോണ്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here