ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു

ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. ഗുജറാത്തിലെ കച്ചില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പാക് അധീനതയിലുള്ള സ്ഥലങ്ങളിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെയാണ് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച് താഴെയിട്ടത്. കച്ചിലെ നന്ദാഘട്ടിനു സമീപം അതിര്‍ത്തിയിലൂടെ താഴ്ന്നു പറക്കുകയായിരുന്നു ഡ്രോണെന്നും ശ്രദ്ധയില്‍പ്പെട്ട ഉടനെ സൈന്യം വെടിവച്ചിട്ടതായും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
Indian Army shot down a Pakistani drone last night in Kutch area of Gujarat, bordering Pakistan
Read @ANI story | https://t.co/Ybk6ROaI1I pic.twitter.com/S8bgZ5rCRo— ANI Digital (@ani_digital) February 26, 2019
പുലര്‍ച്ചെ പ്രദേശത്ത് വലിയ ശബ്ദങ്ങള്‍ കേട്ടിരുന്നതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെപ്പറ്റി സൈന്യവും ലോക്കല്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് പാക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടിച്ചത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ചകോട്ടി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രത്തിലും ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ സ്‌ഫോടകവസ്തുക്കളാണ് ഇന്ത്യ ആക്രമണത്തിന് ഉപയോഗിച്ചത്. 21 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തില്‍ 300 ഓളം ഭീകരരെ വധിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യ നല്‍കിയ തിരിച്ചടിക്കുള്ള മറുപടി നല്‍കാനായി പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ വ്യോമ വിന്യാസം കണ്ട് പാക് വിമാനങ്ങള്‍ തിരിച്ചുപറന്നു. പാക് എഫ്16 വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിക്ക് അരികെ എത്തിയത്. എന്നാല്‍ ഇന്ത്യയെ ആക്രമിക്കാനുള്ള വിഫല ശ്രമത്തിന് പിന്നാലെ വിമാനങ്ങള്‍ തിരിച്ചുപോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here