സ്വാഗത പ്രസംഗം നീണ്ടു, മുഖ്യമന്ത്രി വേദി വിട്ടു

സ്വാഗത പ്രസംഗം നീണ്ടതിനെ തുടര്‍ന്നു മുഖ്യമന്ത്രി വേദി വിട്ടു. കൊല്ലം ജില്ലാ ആശുപത്രിയിലെ പരിപാടിയ്ക്കിടെയാണ് സംഭവം. സ്വാഗത പ്രസംഗം നീണ്ടതോടെ പരിപാടിയുടെ സമയക്രമം തെറ്റി, ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വേദി വിട്ടത്. തുടര്‍ച്ചയായ പരിപാടികള്‍ കാരണം സംസാരിക്കാനുള്ള ബുദ്ധിമുട്ടുണ്ടെന്നും ഇത് കാരണമാണ് സംസാരിക്കാഞ്ഞതെന്നുമാണ് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പിന്നീട് നടന്ന ഒരു പരിപാടിയിലും മുഖ്യമന്ത്രി പ്രസംഗിച്ചുമില്ല.
ജില്ലാ ആശുപത്രിക്ക് പുറമേ കശുവണ്ടി മേഖലയിലെ പുനര്‍വായ്പാ വിതരണം ലൈഫ് പദ്ധതിയുടെ താക്കോല്‍ വിതരണം കശുവണ്ടി കോര്‍പ്പറേഷന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷം, എൻഎസ് പഠന കേന്ദ്ര ശിലാസ്ഥാപനം തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കൊല്ലത്ത് എത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനിടെയാണ് ആദ്യം മുഖ്യമന്ത്രി സംസാരിക്കാതെ വേദി വിട്ടത്. പിന്നീട് നടന്ന അഞ്ച് പരിപാടികളില്‍ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രി സംസാരിച്ചില്ല.
കൊല്ലം ജില്ലാ ആശുപത്രിയിലെ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയാണ് സ്വാഗതം പറഞ്ഞത്. എന്നാല്‍ പ്രസംഗം നീണ്ടതോടെ പഞ്ചായത്ത് പ്രസിഡന്റിനെ അടുത്ത് വിളിച്ച് സംസാരിച്ച മുഖ്യമന്ത്രി നിലവിളക്ക് കത്തിച്ചെങ്കിലും ഉദ്ഘാടന പ്രസംഗം നടത്തിയില്ല. പിന്നീട് ആരോഗ്യമന്ത്രി മേഴ്സിക്കുട്ടിയമ്മ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെ വേദി വിടുകയായിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here