മിറാഷ് പറത്തിയത് ഈ വനിതാ പൈലറ്റോ ? [ 24 Fact Check ]

ഇന്ത്യ നടത്തിയ വ്യോമാക്രമണവും തിരിച്ചടിയുമാണ് ലോകമെമ്പാടും ചർച്ച. വാർത്തകളുടെ ചുവടുപിടിച്ച് നിരവധി വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിട്ടുമുണ്ട്. ഇപ്പോൾ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് വൈറലായിരിക്കുന്നത് ഇന്ത്യൻ വ്യോമസേനയുടെ വജ്രായുധമെന്ന് പറയപ്പെടുന്ന
മിറാഷ് പറത്തിയ വനിതാ പൈലറ്റിന്റെ ചിത്രമാണ്.
ഇന്നലെ ബലാകോട്ടിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മിറാഷ് പറത്തിയത് ഉർവിശ ജരിവാലയാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സൂരറ്റിലെ ഭുൽക്ക ഭവൻ സ്കൂളിലെ വിദ്യാർത്ഥിയാണ് ഉർവിഷയെന്നും പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നു.
എന്നാൽ സത്യത്തിൽ ഈ ചിത്രം സ്നേഹ ശെഖാവത്തിന്റെയാണ്. വ്യോമസേനയിലെ അംഗം തന്നെയാണ് സ്നേഹയെങ്കിലും ഇന്ത്യ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ സ്നേഹ പങ്കെടുത്തിട്ടില്ല. റിപബ്ലിക് ദിന പരേഡിൽ ഐഎഎഫ് കോണ്ടിൻജെന്റിനെ നയിച്ച ആദ്യ നിതയാണ് സ്നേഹ. മിലിറ്ററി ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അടങ്ങിയ ഭാരത് രക്ഷക് എന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന സ്നേഹയുടെ ചിത്രമാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്.
സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഇന്ത്യൻ പ്രത്യാക്രമണത്തിൽ പങ്കെടുത്ത സൈനികരുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് വ്യോമസേന അധികൃതർ അറിയിച്ചിട്ടുണ്ട്. വ്യോമസേനയിൽ വനിതാ പൈലറ്റുമാരെ അടുത്തിടെയാണ് കമ്മീഷൻ ചെയ്തതെന്നും നിലവിൽ ഇത്തരമൊരു ആക്രമണത്തിൽ അവരെ പങ്കെടുപ്പിക്കാൻ സാധ്യതയില്ലെന്നും ഡിഫൻസ് അനലിസ്റ്റ് നിതിൻ ഗോഖ്ലെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here