ഇന്ത്യയുടെ കാരുണ്യം പാകിസ്ഥാൻ മറന്നു

-പിപി ജെയിംസ്

മിഗ് 21 യുദ്ധ വിമാനത്തിന്റെ പൈലറ്റ് അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ സൈനികർ മർദ്ദിക്കുന്ന ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ കണ്ടു. ഏതൊരു ഇന്ത്യക്കാരന്റെയും രക്തം തിളയ്ക്കുന്ന രംഗങ്ങൾ. യുദ്ധതടവുകാരോടുള്ള പെരുമാറ്റം സംബന്ധിച്ച് ജനിവ കരാറിൽ പറഞ്ഞിട്ടുള്ള സർവ്വ നിബന്ധനകളുടേയും നഗ്നമായ ലംഘനം.

47 വർഷം പിന്നോട്ട് പോകാം. 1971 ഇന്ത്യാ-പാക് യുദ്ധത്തിന്റെ അവസാനദിനം ഓർക്കുക. 93,000 പാകിസ്ഥാൻ പട്ടാളക്കാരാണ് ബംഗ്ലാദേശിൽ ഇന്ത്യക്കാർക്ക് മുമ്പിൽ കീഴടങ്ങിയത്. അവരെ എന്തും ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയുമായിരുന്നു. എന്നാൽ എട്ടു മാസം തടവിൽ എല്ലാ സൗകര്യങ്ങളും നൽകി സംരക്ഷിച്ച ശേഷം പാക് പട്ടാളക്കാരെ പാകിസ്ഥാന് നിരുപാധികം വിട്ടുകൊടുക്കുകയായിരുന്നു.

Read Also : ഇന്ത്യൻ വൈമാനികനെ പാകിസ്ഥാൻ കസ്റ്റഡിയിൽ വെക്കുന്നത് ജെനീവ കരാറിന്റെ ലംഘനമെന്ന് ഇന്ത്യ; എന്താണ് ജെനീവ കരാർ ?

ഇന്ദിരാഗാന്ധിയുടെ ഈ വിശാല മനസ്‌കതയെ നെറ്റി ചുളിച്ച് വിമർശിച്ചവരുണ്ട്. എന്നാൽ പാക് ജയിലിൽ ഉണ്ടായിരുന്ന ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് മുജീബ് റഹ്മാനെ രക്ഷപ്പെടുത്താൻ നൽകിയ വിലയാണിതെന്ന് പിന്നീട് രഹസ്യ വെളിപ്പെടുത്തലുണ്ടായി. പ്രധാനമന്ത്രി ഭൂട്ടോയുമായുള്ള സിംല കരാറനുസരിച്ച് പാക് പട്ടാളക്കാരെ വിട്ടയച്ചപ്പോൾ ഇന്ദിരാഗാന്ധിക്ക് കാശ്മീർ പ്രശ്‌നപരിഹാരം ആവശ്യപ്പെടാമായിരുന്നു. എന്തുകൊണ്ടോ അത് ചെയ്തില്ല.

പാകിസ്ഥാൻ ഇന്ത്യയോട് കീഴടങ്ങിയ ദിവസം, പിന്നീട് ബംഗ്ലാദേശ് പ്രസിഡന്റായ അബു സയിദ് ചൗധരി ഒരു മുന്നറിയിപ്പായി കത്തെഴുതി. അഭിസംബോധന ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കാണ്. ‘മൂർഖൻ പാമ്പിന്റെ വാൽ മുറിക്കുമ്പോൾ, അതിന്റെ തല പത്തിരട്ടി വിഷമയമാവും. അതുകൊണ്ട് ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കരുത്.’ പാകിസ്ഥാന്റെ തലയ്ക്കുകൂടെ അടികൊടുക്കണമെന്നായിരുന്നു സന്ദേശം.

പാകിസ്ഥാൻക്കാർ ഇന്ത്യയുടെ ധീരനായ വൈമാനികനെ ക്രൂരമായി മർദ്ദിക്കുന്നതു കണ്ടപ്പോൾ ഓർത്തുപോയതാണ്.  ഒരു ലക്ഷം പാക് പട്ടാളക്കാരോട് ഇന്ത്യ കാണിച്ച കാരുണ്യത്തിന്റെ ഒരംശമെങ്കിലും ഇന്ന് ഇന്ത്യൻ വൈമാനികനോട് കാണിക്കാമായിരുന്നില്ലേ ?

Loading...
Top