കാസര്‍കോട് ഇരട്ടക്കൊലപാതകം; പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും പങ്കെന്ന് മുഖ്യപ്രതി പീതാംബരന്‍

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും പങ്കെന്ന് മുഖ്യപ്രതി പീതാംബരന്‍ ആദ്യത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി സൂചന. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങൾ ഇന്ന് കോൺഗ്രസിന്റെ സമരപന്തലിൽ എത്തിയേക്കും.
അറസ്റ്റിലായ പീതാംബരൻ ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് നൽകിയ മൊഴിയുടെ കൂടുതൽ വിശദാംശങ്ങളാണ് പുറത്ത് വന്നത്. പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും സംഭവത്തിൽ പങ്കുണ്ട്. കൊലപാതകം നടത്തിയതിന് ശേഷം സംഘം സിപിഎം ഉദുമ എരിയ നേതാവിനെ ബന്ധപ്പെട്ടു. മുൻ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൂടിയായ നേതാവിനെയാണ് ബന്ധപ്പെട്ടത്. ഇയാളുടെ ഉപദേശ പ്രകാരമാണ് വസ്ത്രങ്ങൾ കത്തിച്ചതെന്നും പീതാംബരൻ മൊഴി നൽകിയതായാണ് സൂചന.
Read More: പെരിയ ഇരട്ടക്കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍
വെളുത്തോളിയിലെ പ്രാദേശിക നേതാവിന്റെ വീട്ടിൽ എത്തിയാണ് കൊലപാതക സംഘം കുളിച്ചതെന്നും മൊഴിയിലുണ്ട്. അതിനിടെ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കാസർകോട്ട് നടത്തുന്ന 48 മണിക്കൂർ നിരാഹാര സമരം തുടരുകയാണ്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങൾ സമരപ്പന്തലിൽ എത്തിയേക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ആരും കസ്റ്റഡിയിലില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ഇടതുപക്ഷ സഹയാത്രികരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളവരെന്നും സുധാകരൻ പറഞ്ഞു.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിച്ചേക്കും.
Read More: പെരിയ ഇരട്ടക്കൊലപാതകം; കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി
പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ വെളിപ്പെടുത്തിയിരുന്നു. റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീതാംബരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here