പാക് മണ്ണില്‍ ഭീകരപ്രവര്‍ത്തനത്തിന് ഒത്താശ ലഭിക്കുന്നു; പാക്കിസ്ഥാനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രതിരോധമന്ത്രാലയം

പാക്കിസ്ഥാനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കേന്ദ്ര പ്രതിരോധമന്ത്രാലയം. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന നടപടി പാക്കിസ്ഥാന്‍ തുടരുകയാണ്. പാക് മണ്ണില്‍ ഭീകരപ്രവര്‍ത്തനത്തിന് ഒത്താശ ലഭിക്കുന്നു. പാക് പിടിയിലുള്ള വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമാനോട് പാക്കിസ്ഥാന്‍ അപമര്യാദയായി പെരുമാറിയെന്നും ജെനീവ കരാറിന്റെ ലംഘനമാണ് ഇതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, അഭിനന്ദന്‍ സുരക്ഷിതനാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകരവാദത്തിന് പാക്കിസ്ഥാന്‍ ഒത്താശ ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്നലെ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ കൈമാറിയിരുന്നു. പാക്കിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയിലാണ് നടക്കുന്നതെന്ന് അടക്കമുള്ള തെളിവുകളാണ് ഇന്നലെ കൈമാറിയത്. ഏതൊക്കെ തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു, ഇവര്‍ നടത്തിയ ആക്രമണങ്ങള്‍, ഇവരില്‍ ആരെയൊക്കെ അന്താരാഷ്ട്ര ഏജന്‍സികള്‍ തേടുന്നു തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യ കൈമാറി. വീഡിയോകളും, ശബ്ദ സന്ദേശങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് കൈമാറിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.
പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നേരത്തേ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ നിന്നും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഭീകരര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന സന്ദേശം ഉള്‍പ്പെടെയാണ് അന്ന് കാമാറിയത്. എന്നാല്‍ പാക് അധികൃതര്‍ തെളിവുകളെ കാര്യമായി പരിഗണിച്ചിരുന്നില്ല. നടപടി സ്വീകരിക്കാനും തയ്യാറായില്ല. ഇതിന് പിന്നാലെയായിരുന്നു പാക്കിസ്ഥാന് നേരെയുള്ള ഇന്ത്യയുടെ വ്യോമാക്രമണം നടന്നത്. പിന്നാലെ പാക്കിസ്ഥാന്‍ തിരിച്ചടിയും നടത്തി.
അതിനിടെ ഇന്ന് രണ്ട് തവണ അതിര്‍ത്തിയില്‍ പാക് പ്രകോപനമുണ്ടായി. പൂഞ്ച് മേഖലയില്‍ രാവിലെയും ഉച്ചയോടടുത്തുമാണ് ആക്രമണം നടന്നത്. എന്നാല്‍ ശക്തമായ ആക്രമണത്തിന് വക നല്‍കാതെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. അതിര്‍ത്തി ലംഘിച്ചുള്ള പാക്കിസ്ഥാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക മേധാവികളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് ചേരും. ആര്‍മി, എയര്‍ഫോഴ്‌സ് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. വൈകീട്ട് അഞ്ച് മണിക്കാണ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ കാണുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here