Advertisement

ബാലാകോട്ടില്‍ ലക്ഷ്യമിട്ടത് നടന്നു; പാക് വിമാനമെത്തിയതിന്റെ തെളിവുകളുമായി സേനാ മേധാവികള്‍

February 28, 2019
Google News 9 minutes Read

ബാലാകോട്ടില്‍ ഭീകരക്യാമ്പുകള്‍ക്കെതിരെ ലക്ഷ്യമിട്ടത് നടന്നെന്നും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ സുസജ്ജമാണെന്നും സൈനിക മേധാവികള്‍ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും  പാക്കിസ്ഥാന്‍ ഇനിയും ഭീകരവാദികള്‍ക്കുള്ള പ്രോത്സാഹനം തുടര്‍ന്നാല്‍ ഇന്ത്യ ഇനിയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും തുടരുമെന്നും കര,നാവിക, വ്യോമ സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം നടത്തിയ നീക്കങ്ങള്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നെന്നും പാക്കിസ്ഥാന്‍ എഫ് 16 പോര്‍വിമാനം ഉപയോഗിച്ചെന്നും അമ്രാം മിസൈല്‍  ഇന്ത്യക്കു നേരെ പ്രയോഗിച്ചതായും സേനാ മേധാവികള്‍ വ്യക്തമാക്കി. അതിര്‍ത്തി ലംഘിച്ചെത്തിയ പാക് പോര്‍ വിമാനങ്ങള്‍ കാശ്മീരിലെ രജൗരി മേഖലയില്‍ പ്രയോഗിച്ച മിസൈലിന്റെ അവശിഷ്ടങ്ങളും സേനാ മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

ബാലാക്കോട്ടില്‍ എത്ര ഭീകരരാണ് കൊല്ലപ്പെട്ടത് എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് വ്യോമസേനയുടെ എയര്‍മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു. എന്താണോ നമ്മള്‍ ലക്ഷ്യം വെച്ചത് അത് നേടാനായിട്ടുണ്ടെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാന്‍ എഫ്16 യുദ്ധ വിമാനം ഉപയോഗിച്ചു എന്നതിന്റെ തെളിവാണ് അമ്രാം മിസൈലിന്റെ തെളിവുകള്‍. എഫ് 16 വിമാനത്തില്‍ നിന്നു മാത്രമേ ഇവ പ്രയോഗിക്കാനാകൂ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 35 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ് നടത്തിയതായും കരസേന മേജര്‍ ജനറല്‍ സുരേന്ദ്രസിംഗ് മഹാള്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഇനിയും ഭീകരവാദികള്‍ക്കുള്ള പ്രോത്സാഹനം തുടര്‍ന്നാല്‍ ഇന്ത്യ ഇനിയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരതക്കെതിരായ നടപടികള്‍ ഇന്ത്യ തുടരും. പാക്കിസ്ഥാനില്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അഭിനന്ദനെ കാത്തിരിക്കുകയാണെന്നും സേനാ മേധാവികള്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here