പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി; അഭിനന്ദനെ വിട്ടയക്കാന്‍ സന്നദ്ധത അറിയിച്ചു

ഇന്ത്യ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയക്കാന്‍ സന്നദ്ധത അറിയിച്ച് പാക്കിസ്ഥാന്‍. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമെങ്കില്‍ അഭിനന്ദനെ തിരിച്ചയക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി അറിയിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിക്കാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറാണെന്നും ഖുറേഷി പറയുന്നു.
ഇന്ത്യയില്‍ നിന്നും ചില ഫയലുകള്‍ ലഭിച്ചിട്ടുണ്ട്. പാര്‍ലമെന്ററി നേതാക്കളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുറന്ന മനസോടെ തന്നെ ഇന്ത്യ അയച്ചു നല്‍കിയ രേഖകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇന്ത്യയാണ് ആദ്യം ആക്രമണം നടത്തിയത്. അതിന് ശേഷമാണ് രേഖകള്‍ അയച്ചു നല്‍കിയിരിക്കുന്നത്. ആദ്യം രേഖകള്‍ അയച്ചു നല്‍കാന്‍ അവര്‍ തയ്യാറായിരുന്നുവെങ്കില്‍ ആക്രമണത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദത്തെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യ തയ്യാറാകുകയാണെങ്കില്‍ പാക്കിസ്ഥാന്‍ അതിനോട് സഹകരിക്കും. തങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും ഖുറേഷി പറഞ്ഞു.
കഴിഞ്ഞ ദിവസം പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള അഭിനന്ദനെ ഉടന്‍ മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ജനീവ കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇന്ത്യ ആരോപിച്ചിരുന്നു. ഇതോടൊപ്പം ചില രേഖകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. പാക്കിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയിലാണ് നടക്കുന്നതെന്നത് അടക്കമുള്ള തെളിവുകളാണ് ഇന്നലെ കൈമാറിയത്. ഏതൊക്കെ തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു, അവര്‍ നടത്തിയ ആക്രമണങ്ങള്‍, ഭീകരരില്‍ ആരെയൊക്കെ അന്താരാഷ്ട്ര ഏജന്‍സികള്‍ തേടുന്നു തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യ കൈമാറിയിരുന്നു. വീഡിയോകളും, ശബ്ദ സന്ദേശങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് കൈമാറിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here