സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ അപേക്ഷ നല്‍കിയവരുടെ ഫോട്ടോ പുറത്ത് വിട്ട് അവതാരക

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ അപേക്ഷ നല്‍കിയ ഇരുമതത്തില്‍പ്പെട്ട യുവതി യുവാക്കളുടെ ഫോട്ടോ പുറത്ത് വിട്ട് അവതാരക ശ്രീജ നായര്‍. വിവാഹം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത്. വിവാഹത്തിന് മുന്നോടിയായി സബ് രജിസ്ട്രാർ ഓഫീസിൽ പതിച്ച നോട്ടീസിന്റെ ചിത്രമാണ് ശ്രീജ ഫെയ്സ് ബുക്കില്‍ പങ്ക് വച്ചത്.
ഈ നോട്ടീസില്‍ യുവതിയുടേയും യുവാവിന്റേയും ഫോട്ടോയും വിലാസവും കൃത്യമായി കാണാമായിരുന്നു. ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ പതിച്ച നോട്ടീസായിരുന്നു ഇത്. സന്ദീപ് എന്നയാളുടെ ഫെയ്സ് ബുക്ക് പോസ്റ്റ് കോപ്പി ചെയ്തതാണെന്നും ശ്രീജയുടെ പോസ്റ്റിലുണ്ടായിരുന്നു. എന്നാല്‍ പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് വിവരം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിഞ്ഞു. വിവാഹം മുടങ്ങിയതായി സൂചനയുണ്ട്. വട്ടിയൂര്‍ക്കാവ്, കോട്ടയം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് വിവാഹിതരാകുന്നതിന് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയത്.
താന്‍ ഉദ്ദേശിച്ച കാര്യം നടന്നത് കൊണ്ട് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് കാണിച്ച് ശ്രീജ നായരും രംഗത്ത് എത്തി. നോട്ടീസ് അടങ്ങിയ പോസ്റ്റ് പിന്‍വലിച്ച ശ്രീജ പ്രണയ വിവാഹത്തിനോ ഇന്റർ കാസ്റ്റ് മാര്യേജിനോ താന്‍ എതിരല്ലെന്നും. എന്നാൽ വിവാഹിതരാകാൻ തീരുമാനിക്കുന്നവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പാകതയും കൂടി ഉണ്ടാകണമെന്നും കാണിച്ച് ഒരു പുതിയ പോസ്റ്റ് കൂടി ഇട്ടിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റിന് താഴെ രൂക്ഷമായ ഭാഷയിലുള്ള കമന്റുകളാണ് വരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here