തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം വിമാനത്താവളം അദാനി എന്റര്‍പ്രൈസസിന് നല്‍കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വിമാനത്താവളത്തിന് വേണ്ടി പ്രത്യേകമായി രൂപീകരിച്ച കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള കമ്പനിക്ക് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി നല്‍കണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനച്ചുമതല നല്‍കുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നിലപാടായിരിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട രീതികളിലൂടെ പ്രവര്‍ത്തിച്ചാണ് രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് വിമാനത്താവളങ്ങള്‍ അദാനിയുടെ കൈകളിലെത്തിച്ചതെന്ന് കഴിഞ്ഞദിവസം കേരള സര്‍ക്കാര്‍ ആരോപിച്ചിരുന്നു. വിമാനത്താവളം നടത്തുന്നതില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു കമ്പനിക്ക് അതിന്റെ നടത്തിപ്പവകാശം എങ്ങനെ ലഭിച്ചു എന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. കൊച്ചിയിലും കണ്ണൂരും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയാണ്. രണ്ടു വിമാനത്താവളങ്ങളിലേയും പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ കൂട്ടിച്ചേര്‍ത്തു.
168 കോടി രൂപയ്ക്കായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണാവകാശം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസി 135 കോടി വരെ വിളിച്ചിരുന്നു. കെഎസ്‌ഐഡിസിയെക്കാള്‍ പത്ത് ശതമാനം മാത്രമാണ് ലേലത്തുകയെങ്കില്‍ ഇളവ് അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് മുന്നില്‍ കണ്ട് അദാനി ഗ്രൂപ്പ് കൂടുതല്‍ തുക ലേലം വിളിക്കുകയായിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളുടെ നിയന്ത്രണമായിരുന്നു അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here