Advertisement

രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി സി അച്യുതമേനോന്‍റെ മകന്‍

March 2, 2019
1 minute Read

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന രീതിയിൽ പ്രചരണങ്ങൾ നടക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകൻ ഡോ. വി രാമൻകുട്ടി രംഗത്തെത്തി. രാഷ്ട്രീയം പ്രവർത്തനമണ്ഡലമാക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് അച്യുതമേനോൻ സെന്‍റര്‍ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിന്റെ മുൻ മേധാവി കൂടിയായിരുന്ന അദ്ദേഹം വ്യക്തമാക്കുന്നു. ഒരു പൊതുപ്രവർത്തകനിൽ നിന്ന് പൊതുജനം ആഗ്രഹിക്കുന്ന സമർപ്പണവും ത്യാഗവും എന്താണെന്ന് തനിക്ക് നന്നായി അറിയാം. അത് എന്നിൽ ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയം പ്രവർത്തനമണ്ഡലമാക്കാൻ ആഗ്രഹിക്കാത്തതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…

ഞാൻ വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൽ ഡി എഫ് സ്ഥാനാർത്ഥിയായിരിക്കുമെന്ന് ഒരു പ്രചരണം സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുള്ളത് പലരും കണ്ടുകാണും. ഞാൻ ഒരു മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകന്റെ മകനാണ്. 1977ൽ 64 വയസ്സുള്ളപ്പോൾ നടത്തിയ ഔദ്യോഗിക പത്രസമ്മേളനത്തിൽ,’ ഞാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഇനിമുതൽ വിട്ടുനിൽക്കാൻ തീരുമാനിച്ചു’ എന്ന് അറിയിച്ചപ്പോൾ, ‘അങ്ങ് രാഷ്ട്രീയം വിടുകയാണോ?’ എന്നു ചോദിച്ച പത്രപ്രവർത്തകനോട്, ‘എഴുനേറ്റുനിൽക്കാൻ ശേഷിയുള്ളിടത്തോളം ഞാൻ രാഷ്ട്രീയപ്രവർത്തനം നടത്തും’ എന്നു പറഞ്ഞ ഒരാൾ. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടിൽ ഒരു പൊതുപ്രവർത്തകനിൽ നിന്ന് പൊതുജനം ആഗ്രഹിക്കുന്ന സമർപ്പണവും ത്യാഗവും എന്താണെന്ന് എനിക്ക് നന്നായി അറിയാം. അത് എന്നിൽ ഇല്ല എന്ന തിരിച്ചറിവുള്ളതുകൊണ്ട് രാഷ്ട്രീയം എന്റെ പ്രവർത്തനമണ്ഡലമാക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഏതായാലും ഒന്നു രണ്ടു ദിവസത്തിനകം ഔദ്യോഗിക സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പുറത്തുവരുമ്പോൾ കാര്യങ്ങൾ എല്ലാവർക്കും വ്യക്തമാകുമെന്ന് വിശ്വസിക്കുന്നു.

Read More: മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ് 

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരിച്ചു പിടിക്കാൻ സി‌ അച്യുതമേനോന്റെ മകൻ ഡോ. വി രാമൻ കുട്ടിയെ മത്സര രംഗത്ത് ഇറക്കാൻ സിപിഐ ശ്രമിക്കുന്നതായിട്ടായിരുന്നു പ്രചരണം. ആരോഗ്യ പ്രവർത്തകനും ചിത്രകാരനുമായ ഡോ. രാമൻ കുട്ടി രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും സിപിഐയുടെ ബൗദ്ധിക പ്രവർത്തനങ്ങളിൽ സജീവമാണ്. ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ശാഖയായ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിന്റെ മേധാവിയായിരുന്നു. അങ്ങനെ തിരുവനന്തപുരത്തുകാർക്ക് പരിചിതനാണ്. തിരുവനന്തപുരത്ത് മുൻ എംപി പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് സിപിഐ ആലോചിച്ചിരുന്നു. എന്നാൽ വീണ്ടും മത്സര രംഗത്തേക്ക് ഇറങ്ങുന്നതിൽ താൽപര്യമില്ലന്ന് പന്ന്യൻ അറിയിച്ചതിനെ തുടർന്നാണ് ഡോ. രാമൻ കുട്ടിയുടെ പേര് ഉയർന്നുവന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top