മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്

മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസിന് മിന്നുന്ന വിജയം. 26 ൽ 24 സീറ്റുകളും തൂത്തുവാരിയാണ് കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. ബി.ജെ.പിക്ക് രണ്ടുസീറ്റുകൾ മാത്രമാണ് നേടാനായത്.
10000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുനിസിപ്പൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിന്റെ രാജർഷി നിഖം വിജയിച്ചത്. രാജർഷിയുടെ ഭൂരിപക്ഷത്തിലും താഴെ വോട്ട് മാത്രമാണ് ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ചത്.
Read Also : മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് പിഎംഒയുടെ വ്യാജ ശുപാര്‍ശ കത്ത്; സിബിഐ കേസെടുത്തു
ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ് സില്ലോഡിലെ വിജയം. ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ റാവുസാഹേബ് ധാൻവേ പ്രതിനീധീകരിക്കുന്ന ജൽന ലോക്‌സഭ മണ്ഡലത്തിൽപ്പെടുന്നതാണ് സില്ലോഡ്. ബി.ജെ.പി രണ്ട് സീറ്റിൽ ഒതുങ്ങിയപ്പോൾ ശിവസേനയ്ക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.
മജ് ലിസ് ഇത്തിഹാദുൽ മുസ്‌ലീമീൻ 20 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും ഒരു സീറ്റിൽ പോലും നേട്ടമുണ്ടാക്കാനായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here