പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. മാര്‍ച്ച് പന്ത്രണ്ടിന് രാഹുല്‍ ഗാന്ധി കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകളില്‍ എത്തുമെന്നാണ് വിവരം.
പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം പുരോഗമിക്കവെ ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദമായിരിക്കുകയാണ്. അന്വേഷണം തുടങ്ങി നാലാം ദിവസമാണ് ക്രൈംബ്രാഞ്ച് എസ്.പി വി എം മുഹമ്മദ് റഫിഖിനെ നീക്കിയത്. കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിന്നാണ് പകരം ചുമതല. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കേസ് അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു.
പെരിയയിലെ ഇരട്ട കൊലപാതകക്കേസില്‍ ഇതു വരെ ഏഴ് പ്രതികളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. പ്രതികള്‍ എല്ലാവരും സിപിഎം അനുഭാവികളാണെന്നും പ്രധാന പ്രതി സിപിഎം നേതാവ് പീതാംബരന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികളില്‍ ഒരാളായ സുരേഷാണ് കൃപേഷിന്റെ തലയില്‍ ആഞ്ഞുവെട്ടിയതെന്ന് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here