ഇനിയും ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രളയത്തിൽ ഇടുക്കിയിൽ വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടവർ

ഇടുക്കിയിൽ കർഷക ആത്മഹത്യകൾ വർധിക്കുമ്പോഴും പ്രളയത്തിൽ വീടും കൃഷിഭൂമിയും എല്ലാം നഷ്ടപ്പെട്ടവർക്ക് ഇനിയും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. ഇടുക്കി ഉപ്പുതറയിൽ വീട് വാസയോഗ്യമല്ലാതായവർക്ക് അടിയന്തര സഹായമായ പതിനായിരം രൂപ പോലും കിട്ടിയില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ആറു മാസത്തിലധികമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇവർ..
കഴിഞ്ഞ പ്രളയകാലത്ത് ഇടുക്കിയിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായത് ഉപ്പുതറ മേഖലയിലാണ്. പെരിയാർ കരകവിഞ്ഞതോടെ നിരവധി വീടുകളിൽ വെള്ളം കയറി നശിച്ചു. പലരും ആഴ്ചകളോളം ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരുന്നു. പഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പക്ഷേ പിന്നീട് ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. സർകാർ പ്രഖ്യാപിച്ച അടിയന്തര സഹായമായ പതിനായിരം രൂപ പോലും കിട്ടാത്തവർ നിരവധിയാണ്.
Read Also : ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍; ഗൗരവമായി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
പ്രളയത്തിൽ വീടും കൃഷിയും നശിച്ച ഏഴ് പേരാണ് ഇടുക്കിയിൽ ജീവനൊടുക്കിയത്, എന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടാകുന്നില്ല. ആകെയുണ്ടായിരുന്ന കിടപ്പാടവും നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോഴും വാടകവീടുകളിലാണ്. സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങി ദിവസങ്ങൾ തള്ളിനീക്കുകയാണ് ഇവർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here