ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍; ഗൗരവമായി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകളെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനിയും ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. മൊറട്ടോറിയം പ്രഖ്യാപനത്തിനിടെയും ജപ്തി നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും കോടിയേരി വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ ഇന്ന് ഒരു കര്‍ഷകന്‍ കൂടി മരിച്ച സാഹചര്യത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.
പെണ്‍മക്കളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ആത്മഹത്യക്ക് ശ്രമിച്ച അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ മാസം 18 നാണ് സുരേന്ദ്രന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ദേവികുളം താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് സുരേന്ദ്രന്‍ വായ്പ എടുത്തിരുന്നു. ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. കഴിഞ്ഞ മാസം ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനു പിന്നാലെയായിരുന്നു ആത്മഹത്യ.
അതേ സമയം ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി എം എം മണി രാജി വെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഇടുക്കിയിലെ കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ഡീന്‍ ആരോപിച്ചു. സംസ്ഥാനത്തെ കര്‍ഷകരുടെ കടം അടിയന്തരമായി എഴുതി തള്ളണമെന്നും ഡീന്‍ കുര്യോക്കോസ് ആവശ്യപ്പെട്ടു.