Advertisement

ഉത്ര വധക്കേസ്: പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തല്‍; അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്തു

December 29, 2024
Google News 2 minutes Read
uthra

ഉത്ര വധക്കേസ് പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തല്‍. അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് എടുത്തു. ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ക്കഴിയുകയാണ് പ്രതി സൂരജ്.

സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി പുറത്ത് വരണമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു. പുനലൂര്‍ കോടതിയില്‍ ഇപ്പോള്‍ കേസ് നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ നാലാം പ്രതി സൂര്യ കോടതിയെ കബളിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ട് കോടതിക്ക് പുറത്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഡിജിപിയെ കണ്ടിരുന്നു. സ്ഥിരമായി കോടതിയെ കബളിപ്പിക്കുകയാണ് പ്രതികള്‍ നാല് പേരുടെയും പരിപാടി – വിജയസേനന്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് ഇത്തരം പ്രവര്‍ത്തികള്‍ നിസാരമാണെന്നും അതിനുള്ള സ്വാധീനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഡോ. മന്‍മോഹന്‍ സിങിനെ BJP അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്: സംസ്‌കാര ചടങ്ങിലെ അപാകതകള്‍ എണ്ണിപ്പറഞ്ഞ് വിമര്‍ശനം

17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ ലഭിച്ചാണ് സൂരജ് ജയിലില്‍ കഴിയുന്നത്. അടിയന്തരമായി പരോള്‍ ആവശ്യപ്പെട്ട് ജയില്‍ അധികൃതരെ സമീപിക്കുകയാണ്. വിഷയത്തില്‍ ജയില്‍ അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. സര്‍ട്ടിഫിക്കറ്റും ഡോക്ടര്‍ക്ക് അയച്ചു നല്‍കി. തന്റെ സര്‍ട്ടിഫിക്കറ്റ് തന്നെയാണിതെന്നും എന്നാല്‍ ഗുരുതര രോഗമുണ്ടെന്ന് ഇതില്‍ എഴുതിയിരുന്നില്ലെന്നും ഇത് എഴുതിച്ചേര്‍ത്തതാണെന്നും ഡോക്ടര്‍ വ്യക്തമാക്കുകയായിരുന്നു. ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പൂജപ്പുര പൊലീസില്‍ ജയില്‍ അധികൃതര്‍ പരാതി നല്‍കി. ഇന്നലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സൂരജിന്റെ അമ്മയാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ജയിലില്‍ ഹാജരാക്കിയത്. അവരെ അടക്കം ഇനി ചോദ്യം ചെയ്യേണ്ടതുണ്ട്.

അഭിഭാഷക ജീവിതത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രമിനല്‍ മൈന്‍ഡ് ഉള്ളയാളാണ് സൂരജ് എന്ന് പ്രോസിക്യൂഷന്‍ വിഭാഗം മേധാവിയായ അഡ്വ മോഹന്‍രാജ് ട്വന്റിഫോറിനോട് പറഞ്ഞു. കൊലപാതക ശേഷവും കുറ്റബോധം ഇയാളില്‍ കണ്ടിട്ടേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജരേഖയുണ്ടാക്കാന്‍ കാണിക്കുന്ന അതേമാനസികാവസ്ഥയില്‍ കുറ്റകൃത്യം മുഴുവന്‍ പ്ലാന്‍ ചെയ്തതിനു ശേഷം അണലിയെ കൊണ്ട് കടിപ്പിച്ച് പെണ്‍കുട്ടിയുടെ ശുശ്രൂഷയ്ക്കായി പ്രതി തന്നെയാണ് കൂടെ നില്‍ക്കുന്നത്. അതേസമയം മൂര്‍ഖനെ വാങ്ങിക്കുന്നതിനുള്ള പ്ലാനിങ്ങും നടത്തി. അത്തരമൊരു മാനസികാവസ്ഥ മറ്റൊരു കുറ്റകൃത്യത്തിലും കണ്ടിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

Story Highlights : Uthra death case: accused Sooraj produced fake certificate to get immediate parole

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here