Advertisement

ബൈഡനെ വീഴ്ത്തിയ ആത്മവിശ്വാസത്തിൽ ട്രംപ്, ജനപിന്തുണ കരുത്താക്കി കമല; ആദ്യത്തെയും അവസാനത്തെയും സംവാദം

September 10, 2024
Google News 2 minutes Read
She Is A Marxist Trump Targets Kamala Harris' Radical Past

അമേരിക്കയിലെ തെരഞ്ഞെടുപ്പ് ചൂട് കൂടിക്കൊണ്ടിരിക്കെ, പ്രസിഡൻ്റ് സ്ഥാനാർത്ഥികളുടെ ആദ്യ സംവാദത്തിന് കളമൊരുങ്ങുന്നു. കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിൽ നടക്കുന്ന സംവാദത്തിൻ്റെ എബിസി ന്യൂസാണ് സംയോജകർ. മുതിർന്ന മാധ്യമപ്രവർത്തകൻ ഡേവിഡ് മുയിർ, ലിൻസി ഡേവിസ് എന്നിവരാണ് മോഡറേറ്റർമാർ. തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുന്നിലെത്താൻ ഈ സംവാദത്തിലെ മേൽക്കൈ ഇരു സ്ഥാനാർത്ഥികൾക്കും പ്രധാനമാണ്.

ട്രംപിനെ സംബന്ധിച്ച് ഇത് രണ്ടാം സംവാദമാണ്. ആദ്യ സംവാദത്തിൽ അന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി ജോ ബൈഡനെതിരെ നേടിയ മേൽക്കൈയാണ് ട്രംപിൻ്റെ ആത്മവിശ്വാസം. എന്നാൽ ബൈഡൻ പിന്‍മാറിയ ശേഷം തനിക്ക് പാർടിക്കകത്തും പുറത്തും കിട്ടിയ വൻ ജനപിന്തുണയാണ് കമലയുടെ കരുത്ത്.

ഫിലാഡെൽഫിയയിൽ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെൻ്ററിലാണ് സംവാദം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ ആറരയ്ക്കാണ് പരിപാടി തുടങ്ങുക. ഒന്നര മണിക്കൂറാണ് ഈ തത്സമയ സംവാദ പരിപാടിയുടെ ദൈർഘ്യം. മോഡറേറ്റർമാർക്ക് മാത്രമാണ് ചോദ്യങ്ങൾ ചോദിക്കാനാവുക.

സംവാദം നടക്കുന്ന സ്ഥലത്ത് ഏത് പോഡിയം വേണം, അവസാനം സംസാരിക്കേണ്ടത് ആര് എന്നിവയിൽ ടോസ് ഇട്ടാണ് തീരുമാനമായത്. ട്രംപ് അവസാനം സംസാരിക്കാനുള്ള അവസരം നേടിയപ്പോൾ കമല ഹാരിസ് ടിവിയിൽ വലത് ഭാഗത്തെ പോഡിയം തെരഞ്ഞെടുത്തു. ഓരോ ചോദ്യത്തിനും രണ്ട് മിനിറ്റാണ് സ്ഥാനാർത്ഥിക്ക് മറുപടി പറയാൻ അവസരം. മുൻകൂട്ടി തയ്യാറാക്കിയ കുറിപ്പുകളൊന്നും സ്ഥാനാർത്ഥികൾക്ക് കൈവശം വെക്കാൻ സാധിക്കില്ല. ഒരു പെന്നും ഒരു പേപ്പർ പാഡും ഒരു കുപ്പി വെള്ളവും മാത്രമേ അനുവദിക്കൂ.

ഏത് വിഷയത്തിലാവും ചോദ്യങ്ങളെന്ന് എബിസി ന്യൂസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എബിസി ന്യൂസിനും സിഎൻഎൻ, സിബിഎസ്, ഫോക്സ് ന്യൂസ്, എൻബിസി, സിഎൻബിസി, എംഎസ്എൻബിസി, പിബിഎസ്, ബിബിസി എന്നീ ചാനലുകളിലും സംവാദം ടെലികാസ്റ്റ് ചെയ്യും. ഇത് കഴിഞ്ഞാൽ ട്രംപും കമലയും തമ്മിൽ നേരിട്ട് മറ്റൊരു സംവാദത്തിനുള്ള സാധ്യതയുമില്ല. സമയമില്ല എന്നതാണ് കാരണം. അതേസമയം ഇരു പാർട്ടികളുടെയും വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികൾ തമ്മിൽ ഒക്ടോബർ ഒന്നിന് സംവാദം നടക്കും.

Story Highlights : All you need to know about Donald Trump-Kamala Harris 2024 US election debate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here