എടത്വ കോളെജിലെ വാഹനാഭ്യാസം; ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു

കോളേജ് ക്യാംപസില്‍ വാഹന റേസിംഗ് നടത്തിയ സംഭവത്തില്‍ 7 വിദ്യാര്‍ത്ഥികളെ എടത്വ പൊലീസ് അറസ്റ്റ് ചെയ്തു.സാഹസിക പ്രകടനത്തിന് ഉപയോഗിച്ച 6 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടനാട് എടത്വാ സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ക്യാംപസിനകത്ത് മോട്ടോര്‍ റേസിംഗ് നടത്തുന്ന ദൃശ്യങ്ങളും സാഹസിക പ്രകടനത്തിനിടെ വിദ്യാര്‍ത്ഥികള്‍ വാഹനത്തിനില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ജില്ലാകളക്ടറടക്കം ഇടപെട്ടതോടെയാണ് ക്യാംപസില്‍ സാഹസിക പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു വാഹന അഭ്യാസം. കാറിലും ജീപ്പിലും ബൈക്കുകളിലിലുമായി എത്തിയ വിദ്യാര്‍ഥികള്‍ കോളെജ് വളപ്പിലൂടെ അപകടകരമാം വിധം വണ്ടി ഓടിച്ചു. വിദ്യാര്‍ത്ഥിനികള്‍ അടക്കം കാഴ്ചക്കാരായി നില്‍ക്കെയാണ് വാഹനാഭ്യാസം അരങ്ങേറിയത്. ഇതിനിടെ ജീപ്പില്‍ നിന്നും 2 വിദ്യാര്‍ഥികള്‍ തെറിച്ചു വീഴുകയും ചെയ്തു. ഫെബ്രുവരി 26നു ബികോം ടാക്‌സ് ആന്‍ഡ് ഫിനാന്‍സ് വിദ്യാര്‍ഥികള്‍ നടത്തിയ അഭ്യാസങ്ങള്‍ക്ക് പിന്നാലെ മാര്‍ച്ച് 1 ന് ബികോം കമ്പ്യൂട്ടര്‍ വിഭാഗം വിദ്യാര്‍ത്ഥികളും അഭ്യാസം ആവര്‍ത്തിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി വിിദ്യാര്‍ത്ഥികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു.
2015 ല്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ വാഹനം ഇടിച്ചു വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്ന്, ക്യാമ്പസിനുള്ളില്‍ വാഹങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് എടത്വ കോളേജില്‍ മോട്ടോര്‍ റേസിംഗ് അരങ്ങേറിയത്. സംഭവം വിവാദമാക്കുകയും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തതോടെ വിഷയത്തില്‍ ജില്ലാ കളക്ടറടക്കം ഇടപെട്ടു. കോളെജ് പ്രിന്‍സിപ്പല്‍ കളക്ടര്‍ക്ക് അടിയന്തിര റിപ്പോര്‍ട്ടും നല്‍കി. ഇതിന് പിന്നാലെയാണ് കഴിഞ്ഞ 26 ന് ജീപ്പിന്റെ മുകളില്‍ കയറി സാഹസിക പ്രകടനം നടത്തിയ 7 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ക്യാംപസിലെ മോട്ടോര്‍ റെയ്‌സിംഗിനായി ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here