ഡൽഹിയിൽ കോൺഗ്രസ്സ്- ആം ആദ്മി പാർട്ടി സഖ്യ സാധ്യത തെളിയുന്നു

ഡൽഹിയിൽ കോൺഗ്രസ്സ്- ആം ആദ്മി പാർട്ടി സഖ്യത്തിന് സാധ്യത തെളിയുന്നു. ഇരു പാർട്ടികളും മൂന്ന് വീതം സീറ്റുകളിലും ഒരു സീറ്റ് പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാർഥിക്കും നൽകുന്ന രീതിയിൽ ആണ് ചർച്ചകൾ നടക്കുന്നത്. ഫോർമുല ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി വിളിച്ചുചേർത്ത ഡിപിസിസി ഭാരവാഹികളുടെ യോഗം അൽപ്പ സമയത്തിനകം നടക്കും.
സഖ്യ ശ്രമങ്ങൾ പരാജയപ്പെട്ട് ആം ആദ്മി പാർട്ടി ഒറ്റക്ക് മത്സരിക്കാൻ തീരുമാനിക്കുകയും ആറ് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്ത ശേഷം ആണ് വീണ്ടും സഖ്യ ചർച്ചകൾക്ക് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന നേതാക്കളുടെ എതിർപ്പ് മറികടന്ന് കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ചർച്ചകൾക്ക് പച്ചക്കൊടി കാണിച്ചതോടെ ആണ് സഖ്യ സാധ്യത വീണ്ടും തെളിഞ്ഞത്. ചില പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഇടപെടലും ചർച്ചകൾ പുനരാരംഭിക്കാൻ കാരണമായി എന്നാണ് വിവരം.
Read Also : ലോക്സഭ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ചർച്ചകളിൽ 3-3-1 എന്ന ഫോർമുല രൂപപ്പെട്ടിട്ടുണ്ട്. ഒരു സീറ്റിൽ ഇരു പാർട്ടികൾക്കും സ്വീകാര്യനായ സ്വതന്ത്ര സ്ഥാനാർഥി മത്സരിച്ചേക്കും. മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ ആയിരിക്കും ഇവിടെ മത്സരിക്കുക എന്ന് സൂചന ഉണ്ട്. ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആണെന്നും രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും ഉന്നത കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചു. ഡിപിസിസി ഭാരവാഹികളുമയുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ്സ് എടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here