സംസ്ഥാനത്തെ സിപിഐഎം സ്ഥാനാര്‍ഥികളെ ഇന്നറിയാം

സംസ്ഥാനത്തെ സിപിഐഎം സ്ഥാനാര്‍ഥികളെ ഇന്നറിയാം.സി പി ഐ ക്ക് പിന്നാലെ സി പി എമ്മും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നു. തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാര്‍ഥികളെ നിശ്ചയിക്കും. മറ്റന്നാള്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ വിളിച്ചു ചേർക്കും. സിറ്റിങ് എംപിമാരില്‍ പി.കരുണാകരനും പികെ ബിജുവും ഒഴികെയുള്ളവര്‍ മത്സരിക്കും.
നാളെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യും. ഈ ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തില്‍ സംസ്ഥാന സമിതിയാകും സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കുക. സിറ്റിങ് എംപിമാരില്‍ പി.കെ.ശ്രീമതി,എം.ബി.രാജേഷ്, എ.സമ്പത്ത്, ജോയ്‌സ് ജോര്‍ജ് എന്നിവര്‍ വീണ്ടും ജനവിധി തേടും. . ചാലക്കുടി എംപി ഇന്നസെന്റിനെ എറണാകുളത്ത് പരിഗണിച്ചേക്കും. സെക്രട്ടേറിയറ്റ് അംഗം പി.രാജീവാണ് ഇവിടെ പരിഗണിക്കുന്ന മറ്റൊരാൾ . കൊല്ലത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എന്‍.ബാലഗോപാലിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ ധ്രുവീകരണം നിരീക്ഷിച്ചാകും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി നിര്‍ണയം. പത്തനംതിട്ട സിപിഎം ഏറ്റെടുത്താല്‍ റാന്നി എംഎല്‍എ രാജു എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കും. ആലപ്പുഴയില്‍ അരൂര്‍ എംഎല്‍എ എ.എം.ആരിഫ്, മുന്‍ എംപി സിഎസ് സുജാത എന്നിവരാണ് പരിഗണനയില്‍. കോട്ടയത്ത് സുരേഷ് കുറുപ്പ് , ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ചാലക്കുടിയില്‍ പി.രാജീവോ സാജുപോളോ മത്സരിക്കും. . കോഴിക്കോട്ട് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്, എ.പ്രദീപ് കുമാര്‍ എന്നിവരുടെ പേരുണ്ട്. . വടകരയില്‍ പി.സതീദേവി, മുഹമ്മദ് റിയാസ്, വി ശിവദാസൻ എന്നിവരിലൊരാളെ തീരുമാനിച്ചേക്കും. കാസര്‍ഗോഡ് കെ പി സതീഷ് ചന്ദ്രനാകും സ്ഥാനാര്‍ഥി. പി കെ ബിജുവിന് പകരം ആലത്തൂരില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണന്‍, ടികെ വാസു എന്നിവരാണ് പരിണനയില്‍. പൊന്നാനിയില്‍ നിയാസ് പുളിക്കലകത്ത്, മലപ്പുറത്ത് വിപി സാനു എന്നിവരെ പരിഗണിക്കുന്നു. രണ്ടു സീറ്റിലും പൊതുസ്വതന്ത്രരേയും സി പി എം നോക്കുന്നുണ്ട്.
സീറ്റ് വിഭജനം ഇടത് മുന്നണിയില്‍ കീറാമുട്ടിയാകും. എന്‍സിപിക്കും,എല്‍ജെഡിക്കും പിന്നാലെ ജനതാദള്‍ എസും സീറ്റിനായി നിലപാട് കടുപ്പിച്ചിച്ചിരിക്കുകയാണ്. ഘടകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നാണ് സിപിഎം നിലപാട്. ജെഡിഎസുമായി ഇന്ന് സി പി എം നേതൃത്വം ഉഭയകക്ഷി ചർച്ച നടത്തും.
കഴിഞ്ഞ തവണ സി പി എം മത്സരിച്ചത് 15 സീറ്റിലാണ് . സി പി ഐ നാലിടത്തും. ജനതാദൾ എസ് സ്ഥാനാർത്ഥിയായി മാത്യു ടി തോമസ് കോട്ടയത്തും മത്സരിച്ചു. വീരേന്ദ്രകുമാർ മുന്നണി വിട്ടതിന് പകരം കോട്ടയം നൽകിയതാണെന്ന് മുന്നണി നേതൃത്വം പറയുമ്പോഴും ഇത്തവണ സീറ്റിനായി ജെഡിഎസ് അവകാശവാദം ശക്തമാക്കി. തിരുവനന്തപുരമോ എറണാകുളമോ ആണ് ജെ ഡി എസ് ലക്ഷ്യം. സീറ്റൊന്നും സി പി എം നൽകാൻ സാധ്യതയില്ല. എങ്കിലും സമ്മർദം ശക്തമാക്കുകയാണ് ജെഡിഎസ്
പത്തനംതിട്ട സീറ്റിന് വേണ്ടി എന്‍സിപി എല്‍ഡിഎഫ് നേതൃത്വത്തിന് കത്തു നൽകിയിരുന്നു. എന്‍സിപി ആവശ്യം സി പി എം അംഗീകരിക്കില്ലെന്ന് ഉറപ്പ്. ലോക് താന്ത്രിക് ജനതാദള്‍ വടകര സീറ്റ് ആവശ്യപ്പെടുന്നുണ്ട്. അതും സി പി എം അംഗീകരിക്കില്ല. മുന്നണി സംവിധാനം എന്നതിനേക്കാൾ സി പി എമ്മും സി പി ഐ യും മാത്രം ചർച്ച ചെയ്താണ് സുപ്രധാന തീരുമാനങ്ങളെടുക്കുന്നത് എന്ന പരാതി മറ്റു ഘടകകക്ഷികൾക്കുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here