‘വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് കണക്ക്’; ബലാകോട്ടില്‍ പ്രതികരിക്കാതെ നിര്‍മ്മലാ സീതാരാമന്‍

ബലാകോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെക്കുറിച്ച് പ്രതികരിക്കാതെ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞതാണ് സര്‍ക്കാരിന്റെ കണക്കെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

Read more: ബലാകോട്ട് ആക്രമണം; യോഗിയും അമിത് ഷായും പറയുന്ന കണക്കുകളില്‍ വൈരുദ്ധ്യം; മോദി മൗനം വെടിയണമെന്ന് ദിഗ്‌വിജയ് സിങ്

ബലാകോട്ട് ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി മരിച്ച ഭീകരരുടെ കണക്ക് വ്യക്തമാക്കിയിരുന്നില്ല. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചെന്നായിരുന്നു വിജയ് ഗോഖറെ വ്യക്തമാക്കിയിരുന്നത്. വ്യോമസേന മേധാവി ബി എസ് ധോണയും ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്നോ, പരിക്കേറ്റവര്‍ എത്രപേരെന്നോ പറഞ്ഞിരുന്നില്ല. വ്യോമസേനയുടെ ആക്രമണം ലക്ഷ്യം കണ്ടെന്നും മരിച്ചവരുടെ കണക്കെടുക്കുന്നത് സേനയുടെ പതിവല്ലെന്നും ധോണ പറഞ്ഞിരുന്നു.

ബലാകോട്ട് ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇത് സംബന്ധിച്ച് സംശയം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ബിജെപി പൊതുറാലിക്കിടെ 250 ഭീകരര്‍ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. 400 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ആക്രമണത്തില്‍ ആരും മരിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി എസ് എസ് അലുവാലിയയുടെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top