രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ വിജയം; ഓസീസിനെ തോല്‍പ്പിച്ചത് 8 റണ്‍സിന്

ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. ഓസ്‌ട്രേലിയയെ 8 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 251 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനുള്ള ഓസീസിന്റെ ശ്രമം 49.3 ഓവറില്‍ 242 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.അവസാന ഓവറില്‍ ജയത്തിന് 11 റണ്‍സ് മാത്രം അകലെയായിരുന്ന ഓസ്‌ട്രേലിയയെ വിജയ് ശങ്കറിന്റെ ബൗളിങാണ് തരിപ്പണമാക്കിയത്. മൂന്ന് പന്തെറിഞ്ഞ വിജയ്ശങ്കര്‍ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആദ്യം മാര്‍കസ് സ്റ്റോയ്‌നിസിനെയും (52) തൊട്ടുപിന്നാലെ ആദം സാംപയെയും (2) മടക്കിയയച്ചതോടെ ഇന്ത്യ 8 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.
What a nail biting game this has been.
Two wickets for @vijayshankar260 in the final over and #TeamIndia win the 2nd ODI by 8 runs #INDvAUS. We take a 2-0 lead in the five match series pic.twitter.com/VZ3dYMXYNh
— BCCI (@BCCI) 5 March 2019
3 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയും ഓസ്‌ട്രേലിയന്‍ നിരയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.തുടര്‍ച്ചയായ രണ്ടാം ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി.
251 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ തുടക്കം ഭദ്രമായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടില്‍ ആരോണ്‍ ഫിഞ്ചും(37) ഉസ്മാന്‍ ഖവാജയും (38) ചേര്‍ന്ന് 83 റണ്‍സാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ തൊട്ടടുത്ത ഓവറുകളില്‍ ഇരുവരും ഔട്ടായതോടെ ഓസീസ് 2 ന് 83 എന്ന നിലയിലായി. തുടര്‍ന്ന് മാര്‍കസ് സ്റ്റോയിനിസും (52) പീറ്റര്‍ ഹാന്‍ഡ്‌സ് കോമ്പും (48) ചേര്‍ന്നാണ് ഓസീസിനെ മുന്നോട്ടു നയിച്ചത്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ സ്‌റ്റോയിനിസിനെ വിജയ്ശങ്കര്‍ വിക്കറ്റിനു മുമ്പില്‍ കുടുക്കിയതോടെ ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 250 റണ്‍സെന്ന തരക്കേടില്ലാത്ത സ്‌ക്കോറിലേക്കെത്തിയത്. 48.2 ഓവറില്‍ 250 റണ്‍സിന് ഇന്ത്യ ഓളൗട്ടായി. 120 പന്തില്‍ നിന്നും 10 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്ലി 116 റണ്‍സെടുത്തത്. ഏകദിനത്തില്‍ കോഹ്ലിയുടെ നാല്‍പ്പതാമത്തെ സെഞ്ച്വറിയാണിത്. കോഹ്ലിക്ക് പുറമേ 46 റണ്‍സെടുത്ത വിജയ് ശങ്കറിന് മാത്രമേ ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളൂ. മഹേന്ദ്രസിങ് ധോണിയെയും രോഹിത് ശര്‍മ്മയെയും റണ്ണെടുക്കും മുമ്പു തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു.ശിഖര്‍ ധവാന്‍(21) അമ്പാട്ടി റായിഡു (18), കേദാര്‍ ജാദവ് (11),രവീന്ദ്രജഡേജ (21) എന്നിവര്‍ക്കും കാര്യമായി തിളങ്ങാനായില്ല.ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റ് വീഴ്ത്തി.
ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ രോഹിത് ശര്‍മ്മ പൂജ്യനായി മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രമായിരുന്നു സമ്പാദ്യം. എന്നാല്‍ തുടര്‍ന്നെത്തിയ നായകന്‍ വിരാട് കോഹ്ലി 48 ാം ഓവര്‍ വരെ ഒരറ്റത്ത് പിടിച്ചു നിന്നതാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്. നാലാം വിക്കറ്റില്‍ വിജയ്ശങ്കറിനൊപ്പം 81 റണ്‍സിന്റെയും ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജക്കൊപ്പം 67 റണ്‍സിന്റെയും കൂട്ടുകെട്ടാണ് കോഹ്ലി പടുത്തുയര്‍ത്തിയത്. 41 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 46 റണ്‍സാണ് വിജയ് ശങ്കര്‍ അടിച്ചുകൂട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here