കോഹ്‌ലിക്ക് നാല്‍പ്പതാം ഏകദിന സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് വിജയലക്ഷ്യം 251

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ 250 റണ്‍സെടുത്തു. 48.2 ഓവറില്‍ 250 റണ്‍സിന് ഇന്ത്യ ഓളൗട്ടാകുകയായിരുന്നു. വിരാട് കോഹ് ലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ തരക്കേടില്ലാത്ത സ്‌ക്കോറിലേക്കെത്തിച്ചത്. 120 പന്തില്‍ നിന്നും 10 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്‌ലി 116 റണ്‍സെടുത്തത്. ഏകദിനത്തില്‍ കോഹ്‌ലിയുടെ നാല്‍പ്പതാമത്തെ സെഞ്ച്വറിയാണിത്.

കോഹ്ലിക്ക് പുറമേ 46 റണ്‍സെടുത്ത വിജയ് ശങ്കറിന് മാത്രമേ ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളൂ. മഹേന്ദ്രസിങ് ധോണിയെയും രോഹിത് ശര്‍മ്മയെയും റണ്ണെടുക്കും മുമ്പു തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു.ശിഖര്‍ ധവാന്‍(21) അമ്പാട്ടി റായിഡു (18), കേദാര്‍ ജാദവ് (11),രവീന്ദ്രജഡേജ (21) എന്നിവര്‍ക്കും കാര്യമായി തിളങ്ങാനായില്ല.ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റ് വീഴ്ത്തി.

ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ രോഹിത് ശര്‍മ്മ പൂജ്യനായി മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രമായിരുന്നു സമ്പാദ്യം. എന്നാല്‍ തുടര്‍ന്നെത്തിയ നായകന്‍ വിരാട്   കോഹ്‌ലി  48 ാം ഓവര്‍ വരെ ഒരറ്റത്ത് പിടിച്ചു നിന്നതാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. നാലാം വിക്കറ്റില്‍ വിജയ്ശങ്കറിനൊപ്പം 81 റണ്‍സിന്റെയും ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജക്കൊപ്പം 67 റണ്‍സിന്റെയും കൂട്ടുകെട്ടാണ് കോഹ്‌ലി പടുത്തുയര്‍ത്തിയത്. 41 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 46 റണ്‍സാണ് വിജയ് ശങ്കര്‍ അടിച്ചുകൂട്ടിയത്.നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ ഏകദിനം വിജയിച്ച ഇന്ത്യക്ക് ഇന്നും ജയിക്കാനായാല്‍ അഞ്ചു മത്സരങ്ങടങ്ങുന്ന പരമ്പരയില്‍ മുന്‍തൂക്കം നേടാനാകും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top