സഖ്യം തള്ളി; കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെജ്രിവാള്‍

സഖ്യം തള്ളിയതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. രാജ്യം മുഴുവൻ ബിജെപിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുമ്പോൾ ബിജെപിയെ സഹായിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. കോൺഗ്രസിന്റെ ശ്രമം ബിജെപി വിരുദ്ധ വോട്ടുകൾ പിളർത്താനാണ്. കോൺഗ്രസും ബിജപിയും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്ന അഭ്യൂഹം ശക്തമാണെന്നും കെജ്‌രിവാൾ ആരോപിച്ചു.
ഡൽഹിയിൽ ആആദ്മി പാർട്ടിയുമായി സഖ്യം ഇല്ലെന്നും മുഴുവൻ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ഹൈകമാന്റിന് സഖ്യത്തിൽ താൽപര്യം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന നേതാക്കളിൽ ഭൂരിഭാഗത്തിനും എതിർപ്പായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ എഎപിയുമായി സഖ്യം വേണ്ടെന്നായിരുന്നു തുടക്കം മുതലേ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാനത്തെ മുഖ്യ എതിരാളിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ഒറ്റക്ക് മത്സരിക്കാമെന്നുമുള്ള കടുത്ത നിലപാടാണ് പിസിസി അധ്യക്ഷ ഷീല ദീക്ഷിത് സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് സഖ്യം നീക്കം ഉപേക്ഷിക്കുകയും എഎപി 7ല്‍ 6 സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും. ചെയ്തു. ഇതിന് ശേഷം ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ള ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടതോടെ വീണ്ടും സഖ്യ ചര്‍ച്ച പുനരാരംഭിച്ചത്. മണിക്കൂറുകളോളം രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയെങ്കിലും സംസ്ഥാന നേതൃത്വം നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
സഖ്യത്തിന്റെ അവശ്യം ആം ആദ്മി പാർട്ടിക്കാണെന്നും കോൺഗ്രസിന് ഇല്ലെന്നും സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിതും പ്രതികരിച്ചു. മൂന്ന് സീറ്റില്‍ വീതം കോണ്‍ഗ്രസും എഎപിയും മത്സരിക്കുകയും ശേഷിക്കുന്ന സീറ്റില്‍ പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയും എന്ന ഫോര്‍മുലയായിരുന്നു സഖ്യത്തിന് എഎപി മുന്നോട്ട് വച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here