മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ബുധനാഴ്ച

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ബുധനാഴ്ച പാണക്കാട് വെച്ച് ചേരും. മൂന്നാം സീറ്റ് വിഷയത്തിൽ ലീഗ് കോൺഗ്രസ് ഉഭയകക്ഷി ചർച്ച രമ്യതയിലെത്താത്ത സാഹചര്യത്തിൽ ബുധനാഴ്ചത്തെ യോഗം മുന്നണിയിൽ നിർണായകമാകും.
മൂന്നാം സീറ്റെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. വെള്ളിയാഴ്ച നടന്ന കോൺഗ്രസ് ലീഗ് ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ പിരിഞ്ഞതോടെ കോൺഗ്രസ് ലീഗിന് മുന്നിൽ ബദൽ നിർദേശങ്ങൾ വെക്കുകയായിരുന്നു. കോൺഗ്രസ് മുന്നോട്ടു വച്ച ബദൽ നിർദ്ദേശങ്ങളിൽ ഏത് സ്വീകരണിക്കണമെന്നതാണ് ഇനി ലീഗ് നേതൃത്വത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നു കരുതുന്ന ബുധനാഴ്ചത്തെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം നിർണായകമാകും.
Read Also : മൂന്നാം സീറ്റ് വേണമെന്ന ആവശ്യവുമായി മുന്നോട്ടുപോകാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി തീരുമാനം
ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് ലീഗിനെ പരിഗണിക്കുക, നിയമസഭയിലേക്ക് മത്സരിക്കാൻ ലീഗിന് അധിക സീറ്റ് നൽകുക തുടങ്ങിയ കാര്യങ്ങൾ കോൺഗ്രസ് പകരമായി നിർദേശിച്ചുവെന്നാണ് സൂചന. കോൺഗ്രസ് വഴങ്ങാത്ത സാഹചര്യത്തിൽ ബദൽ നിർദ്ദേശങ്ങൾക്ക് മുൻപിൽ ലീഗിന് തൃപ്തിയടയേണ്ടിവരും.
സീറ്റ് ചർച്ചയുടെ ആദ്യ ഘട്ടം മുതൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു മുസ്ലിം ലീഗ്. മൂന്നാം സീറ്റിനായി സമസ്ത അടക്കമുള്ള സാമുദായിക സംഘടനകളും ലീഗിനെ സമ്മർദത്തിലാക്കിയിരുന്നു. അധിക സീറ്റ് ലഭിക്കില്ലെന്ന് ലീഗിന് ഉറപ്പായിരുന്നങ്കിലും അണികൾക്കിടയിൽ മൂന്നാം സീറ്റിനായി അവസാന ഘട്ടം വരെ നിലയുറപ്പിച്ചു എന്ന പ്രതീതിയുണ്ടാക്കാനും ബദൽ നിർദ്ദേശങ്ങളിലൂടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും രാജ്യസഭ തെരഞ്ഞെടുപ്പിലും നേട്ടം കൊയ്യാനാണ് ലീഗ് ലക്ഷ്യം വെച്ചത്. രണ്ട് സീറ്റുമായി ഒത്ത് തീർപ്പിലാവുമ്പോഴും ലക്ഷ്യം സാക്ഷാൽകരിക്കാൻ സാധിച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ബുധനാഴ്ച ലീഗിന്റെ ഉന്നതാധികാര സമിതി യോഗവും കൂടി ചേരുന്നതോടെ ലീഗ് കോൺഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here