കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം പരിധി ഉയര്‍ത്തി; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കുമെന്ന് മുഖ്യമന്ത്രി

പരിമിതികള്‍ക്കുള്ളില്‍ നിന്നും കര്‍ഷകര്‍ക്ക് സഹായ ഹസ്തവുമായി സര്‍ക്കാര്‍. കാര്‍ഷിക വായ്പയുടെ മൊറട്ടോറിയം പരിധി ഉയര്‍ത്തി. ഒരു ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷത്തിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. മന്ത്രിസഭായോഗ പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
വായ്പ മൊറട്ടേറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. കര്‍ഷകരെടുത്ത എല്ലാ വായ്പകള്‍ക്കും ഇത് ബാധകമാണ്. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മുഖേനയുള്ള നടപടി ക്രമം അനുസരിച്ച് വയനാട് ജില്ലയിലെ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റു ജില്ലകളിലെ 2011 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കുമാണ് അനുകൂല്യം ലഭിക്കുക. പ്രളയബാധിത മേഖലകളില്‍ വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദീര്‍ഘകാല വിളകള്‍ക്ക് പുതിയതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒന്‍പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വഹിക്കും. വായ്പയെടുക്കുന്ന കാലയളവു മുതല്‍ ഒരു വര്‍ഷത്തേക്ക് നല്‍കാനാണ് തീരുമാനം. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തിയിട്ടില്ല. വാണിജ്യ ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കാന്‍ കൃഷി, ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തി. പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടപരിഹാരത്തിന് 85 കോടി ഉടന്‍ അനുവദിക്കും. ഇതില്‍ 54 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ പലിശയിളവുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളെ സഹായിക്കും. വിളനാശത്തിനുള്ള നഷ്ടം ഇരട്ടിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്കില്‍ നിന്നും 5000 കോടി രൂപ കടമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here