ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന് സഭാ മേലധ്യക്ഷന്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ക്രൈസ്തവ സഭകളുടെ എതിര്‍പ്പിന് കാരണമായ ചര്‍ച്ച് ആക്ട് ബില്‍ നടപ്പിലാക്കില്ലെന്ന് സഭാ മേലധ്യക്ഷന്മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നിയമ പരിഷ്‌കാര കമ്മീഷന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍പൂര്‍ണമായി തളളണമെന്ന് സഭാ മേലധ്യക്ഷന്‍മാര്‍ കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടു.കമ്മീഷന്റെ ഉദ്ദേശ ശുദ്ധിയില്‍ ആശങ്കയുള്ളതായും കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തളളണമെന്നും സഭാധ്യക്ഷന്മാര്‍ കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടു.
ബില്ലിന് നിലവില്‍ ഒരു പ്രസക്തിയും ഇല്ലെന്നും കമ്മീഷന്റെ ലക്ഷ്യത്തില്‍ ആശങ്കയുണ്ടെന്നും സഭാ മേലധ്യക്ഷന്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ കമ്മീഷന്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്റേത് മാത്രമാണെന്നും ഇതില്‍ സര്‍ക്കാരിന് പങ്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി . കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ സര്‍ക്കാരിന് പങ്കില്ലെന്നും കൂടിയാലോചനക്ക് ശേഷമല്ല നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവിധ ക്രിസ്ത്യന്‍ സഭകളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്‌കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, യൂജിന്‍ എച്ച് പെരേര തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ചര്‍ച്ച് ആക്ട് ബില്ലിന്റെ കരട് രൂപം പുറത്തു വിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ നിയമ പരിഷ്‌ക്കാര കമ്മീഷന്‍ വ്യാഴാഴ്ച്ച കോട്ടയത്ത് യോഗം ചേരാനിരിക്കെയാണ് സഭാ മേലധ്യക്ഷന്മാര്‍ മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയത്. അതേ സമയം ചര്‍ച്ച് ആക്ട് ബില്ലിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച്ച കോട്ടയത്ത് തീരുമാനിച്ചിരിക്കുന്ന കമ്മീഷന്‍ സിറ്റിങ് മാറ്റിവെക്കാന്‍ തീരുമാനിച്ചതായും വിവരമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here