റഫാല്‍ കേസില്‍ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 14 ലേക്ക് മാറ്റി

റഫാല്‍ കേസില്‍ പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. റഫാലില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ 2018 ഡിസംബറിലെ കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രേഖകള്‍ മോഷണം പോയത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.
Read More: റഫാല്‍: മോദിക്കെതിരെ എഫ്‌ഐആര്‍ ചുമത്താന്‍ സമയമായെന്ന് കോണ്‍ഗ്രസ്
റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രഹസ്യ നിയമ പ്രകാരം ‘മോഷ്ടിച്ച’ റഫാല്‍ രേഖകള്‍ പ്രസിദ്ധീകരിച്ചവര്‍ക്ക് 3 മുതല്‍ 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.
മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചതെന്നതിനാല്‍ അവ തള്ളിക്കളയണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഇത്തരം രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here