റഫാൽ പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്

റഫാൽ പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലും കോടതി വിധി പറയും.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിൽ വൻ അഴിമതിയാരോപിച്ച് ബി.ജെ.പി വിമത നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞവർഷം ഡിസംബർ പതിനാലിന് ആവശ്യം കോടതി തള്ളിയതിനെ തുടർന്ന് പുനഃപരിശോധനാ ഹർജി സമർപ്പിക്കുകയായിരുന്നു.
കേന്ദ്രസർക്കാർ സുപ്രിംകോടതിയെ തെറ്റിദ്ധരിച്ച് അനുകൂല വിധി നേടിയെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. കേന്ദ്ര സർക്കാർ മുഴുവൻ രേഖകളും കോടതിക്ക് കൈമാറിയില്ല. ഫ്രാൻസുമായി ചർച്ച നടത്തിയ സംഘത്തിലെ മൂന്ന് അംഗങ്ങൾ കരാർ വ്യവസ്ഥകൾ മാറ്റുന്നതിനെ എതിർത്തതുൾപ്പെടെയുള്ള നിർണായക വിവരങ്ങളും സർക്കാർ മറച്ചുവച്ചെന്ന് ഹർജിക്കാർ ആരോപിച്ചു. വാദമുഖങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ മേയ് പത്തിന് വിധി പറയാൻ മാറ്റുകയായിരുന്നു. അതേസമയം, കാവൽക്കാരൻ കള്ളനാണെന്ന് സുപ്രിംകോടതി കണ്ടെത്തിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിലും കോടതി വിധി പറയും. പരാമർശത്തിൽ രാഹുൽ ഗാന്ധി കോടതിയോട് മാപ്പ് അപേക്ഷിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here