‘ചാക്കിലെ പൂച്ച പുറത്ത് ചാടി’; നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വിചാരണ വേഗത്തിലാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കോടതി വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ചാക്കിലെ പൂച്ച പുറത്ത് ചാടിയെന്ന് ദീലീപിന്റെ കാര്യത്തില്‍ കോടതി പറഞ്ഞു. പ്രതികളുടെ ആവശ്യം തള്ളിയ കോടതി കേസിന്റെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചത്. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നത് എന്തിനാണെന്നായിരുന്നു കോടതി ചോദിച്ചത്. സംസ്ഥാന സര്‍ക്കാരും പ്രതികളുടെ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്തു. വിചാരണ വൈകിപ്പിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ഇതിന് മുന്‍പും ശ്രമങ്ങള്‍ നടത്തിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടും അന്വേഷണ രീതിയേയും സംഘത്തേയും പല വിധത്തില്‍ വിമര്‍ശിച്ചുമാണ് പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെ കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി പ്രത്യേകം വനിത ജഡ്ജിയേയും നിയമിച്ചു. ഇതിനിടെയാണ് കേസ് വൈകിപ്പിക്കാന്‍ പ്രതികള്‍ വീണ്ടും ശ്രമം നടത്തുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് നിലവില്‍ ജാമ്യത്തില്‍ പുറത്താണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More