Advertisement

അയോധ്യയില്‍ മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്; മൂന്നംഗ സമിതിയെ നിയോഗിച്ചു

March 8, 2019
0 minutes Read
india name court

അയോധ്യ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ് എം ഖലീഫുള്ളയാണ് സമിതിയുടെ അധ്യക്ഷന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. എട്ടാഴ്ചയ്ക്കകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഫൈസാബാദാണ് വേദിയാകുക. നടപടിക്രമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് രഹസ്യ സ്വഭാവം ഉണ്ടായിരിക്കണമെന്നും നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കകം തുടങ്ങണമെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി മുന്നോട്ടുവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് നിര്‍ണ്ണായക ഉത്തരവിട്ടത്.

അയോധ്യ ഭൂമി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ കഴി ദിവസം കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി പരിശോധിച്ചിരുന്നു. ഹിന്ദു മഹാസഭ മധ്യസ്ഥ ചര്‍ച്ചയെ ശക്തമായി എതിര്‍ത്തിരുന്നു. എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ചില്ലെങ്കില്‍ മധ്യസ്ഥത ചര്‍ച്ചയുടെ തീരുമാനം അംഗീകരിക്കപ്പെടില്ലെന്നായിരുന്നു ഹിന്ദു മഹാസഭ വ്യക്തമാക്കിയത്.

അയോധ്യ തര്‍ക്കം മതപരവും വൈകാരികവും ആയ വിഷയം ആണ്. കേവലം സ്വത്ത് തര്‍ക്കമല്ല എന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. അന്തിമ വിധി വന്നാല്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇപ്പോഴേ എന്തെകിലും ചെയ്യാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചര്‍ച്ചയെ മുന്‍വിധിയോടെ കാണേണ്ടതില്ല. മധ്യസ്ഥ ചര്‍ച്ചക്ക് ഒരു വ്യക്തിയെ ആയിരിക്കില്ല ഒരു സംഘത്തെ ആയിരിക്കും നിയോഗിക്കുക എന്നും കോടതി കേസ് പരിഗണിച്ചപ്പോള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

സിവില്‍ നടപടി ചട്ടത്തിലെ 89ാം വകുപ്പ് പ്രകാരം കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥനെ നിയമിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോയെന്നാണ് കോടതി പരിശോധിച്ചത്. വിശ്വാസവുമായി ബന്ധപ്പെട്ട കേസ് ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നതാണ് കോടതിയുടെ നിലപാട്.

കോടതി നിര്‍ദേശത്തോട് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും അനുകൂലമായി പ്രതികരിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് മുസ്ലീം സംഘടനകള്‍ക്കായി എത്തിയ രാജീവ് ധവാന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കക്ഷികളുടെ അനുമതി ആവശ്യമില്ലെന്നാണ് രാജീവ് ധവാന്‍ കോടതിയില്‍ വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top