ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

സംസ്ഥാന സംഘടനാ സെക്രട്ടറിക്കെതിരെ ബിജെപിക്കുള്ളില്‍ പടയൊരുക്കം. എം.ഗണേശന്‍ പാര്‍ട്ടിക്കുള്ളില്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നാണ് ആക്ഷേപം. ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് മുന്‍പാകെയാണ് എം.ഗണേശനെതിരെ പരാതി പ്രളയം. പാര്‍ട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ജനറല്‍ സെക്രട്ടറിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരുമായി ആശയവിനിമയം ഉണ്ടായിട്ടില്ല.
Read Also; കുമ്മനത്തിന്‍റെ വരവ് ബിജെപിക്ക് ഗുണം ചെയ്യും: വി മുരളീധരന്‍
പ്രധാനപ്പെട്ട സീറ്റില്‍ കെ.സുരേന്ദ്രന്‍ വരാതിരിക്കാന്‍ എം.ഗണേശന്‍ ശ്രമിച്ചുവെന്നും മുരളീധര പക്ഷം പരാതിപ്പെട്ടു. ശബരിമല സമരത്തെച്ചൊല്ലിയും ഗണേശനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സുരേന്ദ്രന്‍ ജയില്‍മോചിതനായ ദിവസം സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാന്‍ പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആ നീക്കം സുരേന്ദ്രന് അനുകൂലമായി മാറുമെന്ന കാരണത്താല്‍ ഗണേശന്‍ ഇടപെട്ട് തടഞ്ഞു.
Read Also: ‘സിപിഎം, കോൺഗ്രസ് അടങ്ങുന്ന കോമയിലായ മുന്നണി വേണോ അതോ കേന്ദ്രത്തിൽ ബിജെപി വേണോ ?’ : ശ്രീധരൻപിള്ള
വി.മുരളീധരന് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ബിജെപി സംസ്ഥാന ഐടി സെല്‍ കണ്‍വീനറെ മാറ്റിയതും ഗണേശനെതിരായ പരാതിപ്പട്ടികയില്‍ ഉണ്ട്. അതേസമയം ആരോപണവിധേയരെയും അടുപ്പക്കാരെയും പുതുതായി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്ന ആക്ഷേപവും ബി.എല്‍.സന്തോഷ് മുന്‍പാകെ എത്തിയിട്ടുണ്ട്. റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് കാട്ടി തട്ടിപ്പ് നടത്തിയ വ്യക്തിയും വ്യാജ കൂപ്പണ്‍ ഉപയോഗിച്ച് പിരിവ് നടത്തിയവരും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെട്ടുവെന്നാണ് ആരോപണം.അതേ സമയം മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നത് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന് തടയിടുമെന്ന പ്രതീക്ഷയിലാണ് ബിജെപി കേന്ദ്രനേതൃത്വം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here