സി പി ജലീലിന്റെ മൃതദേഹം സംസ്‌കരിച്ചു

വയനാട് വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മൃതദേഹം സംസ്‌കരിച്ചു. മലപ്പുറം പാണ്ടിക്കാടുള്ള വീട്ടുവളപ്പിലാണ് ജലീലിന്റെ മൃതദേഹം സംസ്‌ക്കരിച്ചത്. മൂന്ന് മണിക്കൂറോളം പൊതുദര്‍ശനത്തിനുവെച്ച ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.
പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഉച്ചയോടെയാണ് ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് 2.30 ഓടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. നൂറു കണക്കിനാളുകളാണ് ജലീലിനെ അവസാനമായി കാണാന്‍ പാണ്ടിക്കാട്ടെ വീട്ടിലേക്ക് എത്തിയത്. ജലീലിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ വ്യത്യസ്ത ഭാഷയിലുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങി. തമിഴിലും മലയാളത്തിലും ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ ജലീലിന്റെ അനുയായികള്‍ മുഴക്കി. രക്തസാക്ഷിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്. മാവോയിസ്റ്റ് അനുഭാവിയായ ഗ്രോ വാസു ഉള്‍പ്പെടെയുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, സംസ്‌ക്കാര ചടങ്ങു നടക്കുന്ന ഭാഗത്തേക്ക് പൊലീസ് എത്തിയിരുന്നില്ല.
ബുധനാഴ്ച രാത്രിയാണ് തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ ജലീല്‍ കൊല്ലപ്പെട്ടത്. വെത്തിരി കോഴിക്കോട് റോഡിലെ ഉഭവന്‍ റിസോര്‍ട്ടില്‍ ഭക്ഷണവും പണവും ആവശ്യപ്പെട്ടാണ് ജലീല്‍ ഉള്‍പ്പെട്ട സംഘം എത്തിയത്. ഇതിനിടെ പൊലീസിനെ റിസോര്‍ട്ട് അധികൃതര്‍ വിളിച്ചു വരുത്തുകയും വെടിവെയ്പ് നടത്തുകയുമായിരുന്നു. വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് ജലീലിന്റെ ജേഷ്ഠനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായി സി പി റഷീദ് വ്യക്തമാക്കിയത്. പൊലീസാണ് ആദ്യം വെടിവെച്ചതെന്ന ആരോപണവുമായി റിസോര്‍ട്ട് ഉടമ രംഗത്തുവന്നെങ്കിലും പിന്നീട് തിരുത്തി. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here