അയോധ്യ മൂന്നംഗ സമിതി; ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷത ഉറപ്പുവരുത്തും?: ഒവൈസി

അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി നിലയുറപ്പിച്ചിരുന്ന ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷത ഉറപ്പുവരുത്തുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. അയോധ്യയിലെ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയ പോലെയാകുമെന്ന് രവിശങ്കര്‍ മുമ്പ് പറഞ്ഞിരുന്നതും ഒവൈസി ചൂണ്ടിക്കാട്ടി. അയോധ്യ പ്രശ്‌നത്തില്‍ ഒരു വിഭാഗത്തിനൊപ്പം നിന്നിരുന്ന രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷനാകുമെന്നും ഒവൈസി ചോദിക്കുന്നു. അയോധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിനെയാണ് ഒവൈസി വിമര്‍ശിച്ചത്.
Read more: അയോധ്യയില്‍ മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്; മൂന്നംഗ സമിതിയെ നിയോഗിച്ചു
സോഷ്യല്‍ മീഡിയയിലും ശ്രീ ശ്രീ രവിശങ്കറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രവിശങ്കറിന്റെ സിറിയ പരാമര്‍ശം പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ സംഘടനയായ ആര്‍ട്ട് ഓഫ് ലിവിംഗ് ഇത് നിഷേധിച്ചിരുന്നു. അയോധ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തി വരുന്നയാളാണ് ശ്രീ ശ്രീ രവിശങ്കറെന്നായിരുന്നു വാദം. അയോധ്യ വിഷയത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് അയച്ച കത്ത് ചൂണ്ടികാട്ടി പ്രശ്‌നം രമ്യമായി പരിഹാരിക്കാനുള്ള മാര്‍ഗങ്ങളാണ് രവിശങ്കര്‍ തേടുന്നതെന്നും ആര്‍ട്ട്ഓഫ് ലിവിങ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് എം ഖലീഫുള്ളയാണ് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍. ശ്രീ ശ്രീ രവിശങ്കറിനെ കൂടാതെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചുവാണ് സമിതിയിലെ മറ്റൊരംഗം. എട്ടാഴ്ചയ്ക്കകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഫൈസാബാദാണ് വേദിയാകുക. നടപടിക്രമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് രഹസ്യ സ്വഭാവം ഉണ്ടായിരിക്കണമെന്നും നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കകം തുടങ്ങണമെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി മുന്നോട്ടുവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് നിര്‍ണ്ണായക ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here