‘പണം നല്‍കി കഴിഞ്ഞപ്പോള്‍, ഭക്ഷണം വേണമെന്ന് പറഞ്ഞു, ഈ സമയത്ത് പൊലീസ് എത്തി വെടിവെപ്പ് തുടങ്ങി’

വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി റിസോര്‍ട്ട് ജീവനക്കാരുടെ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. പോലീസ് ആത്മരക്ഷാര്‍ത്ഥം വെടിവെച്ചെന്ന വാദം പൊളിക്കുന്നതാണ് ജീവനക്കാരുടെ പ്രതികരണം. പ്രതികരണം ഇങ്ങനെ
രണ്ട് പേരാണ് വന്നത്. ഞങ്ങള്‍ക്ക് ഫണ്ടിന്റെ ആവശ്യം ഉണ്ട്. അത് കിട്ടിയേ പറ്റൂ എന്ന് പറഞ്ഞു. 50,000രൂപയാണ് ചോദിച്ചത്. മാന്യമായാണ് അവര്‍ സംസാരിച്ചത്. യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. എത്രയും പെട്ടെന്ന് തരണം എന്ന് അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എംഡിയേയും മാനേജറേയും വിവരം അറിയിച്ചു. അത്രയും തുക അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. കിട്ടിയേ പറ്റൂ എന്ന് പറഞ്ഞതോടെ വീണ്ടും എംഡിയെ വിളിച്ച് സംസാരിച്ചു. സ്റ്റാഫിന്റെ കയ്യില്‍ നിന്നെല്ലാം കൂടെ അയ്യായിരം രൂപ കൊടുത്തുവെങ്കിലും അത് അവര്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല.
അതിഥികളോടെല്ലാം മാന്യമായാണ് പെരുമാറിയത്. ആരെയും ബുദ്ധിമുട്ടിക്കില്ല പക്ഷേ പണം തരണം എന്ന് വ്യക്തമാക്കി അവര്‍ വേറെ മുറിയിലേക്ക് മാറി. ഇവര്‍ ഇവിടെയുള്ളത് കൊണ്ട് ഗസ്റ്റിനെ റസ്റ്റോറെന്റിലേക്കാണ് മാറ്റിയതെന്ന് ജീവനക്കാര്‍ പറയുന്നു.
ഉപദ്രവിക്കാനല്ല വന്നത്. പണം വേണമെന്ന് വീണ്ടും പറഞ്ഞു. അവരുടെ കയ്യില്‍ ഒരു തോക്ക് ഉണ്ടായിരുന്നു.
മാനേജര്‍ ഇല്ലാത്തപ്പോഴാണ് അവര്‍ എത്തിയത്. അവിടെയുള്ള പണം നല്‍കാനാണ് ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ അത് പോര അതിനേക്കാള്‍ തുക വേണമെന്ന് ആവശ്യപ്പെട്ടു. 10,000കൊടുത്ത് കഴിഞ്ഞപ്പോള്‍ ഭക്ഷണം വേണമെന്ന് പറഞ്ഞു. അത് ഉണ്ടാക്കുന്ന സമയത്താണ് പോലീസ് എത്തി വെടിവെപ്പ് തുടങ്ങിയത്. എങ്ങനെയാണ് പോലീസ് ഇവിടെ എത്തിയതെന്ന് അറിയില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു. പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ സ്ഥലമെന്നാണ് കരുതുന്നതെന്നാണ് ഇവര്‍ പറയുന്നത്. വെടിവെപ്പ് തുടങ്ങിയപ്പോള്‍ അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെയാണ് ഒരാള്‍ക്ക് വെടിയേറ്റതെന്നും ഇവര്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here