Advertisement

‘ചെഗുവേരയെ പിന്തുടരുന്നവരെ നിയോ ലിബറല്‍ കമ്മ്യൂണിസ്റ്റിന്റെ ഗവണ്‍മെന്റ് പിന്നില്‍ നിന്ന് വെടിവച്ച് കൊല്ലുന്നു”

March 8, 2019
Google News 1 minute Read
vt balram

ചെഗുവേരയുടെ മാര്‍ഗ്ഗം പിന്തുടര്‍ന്നവരെയാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ എന്ന നിയോ ലിബറല്‍ കമ്മ്യൂണിസ്റ്റിന്റെ സര്‍ക്കാര്‍ പിന്നില്‍ നിന്നും വെടിവെച്ചു കൊന്നതെന്ന് വി ടി ബല്‍റാം എം.എല്‍.എ. ഫെയ്‌സ് ബുക്കിലാണ് ബല്‍റാമിന്റെ പരാമര്‍ശം. വയനാട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതിനെപ്പറ്റിയാണ് ബല്‍റാം പ്രതികരിച്ചത്.

ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

നിങ്ങടെ കൊടിയിലും ടീ ഷർട്ടിലും കണ്ണിക്കണ്ട ഇലക്ട്രിക് പോസ്റ്റിലുമൊക്കെ വരച്ചു വച്ചിരിക്കുന്ന ആ ചെ ഗുവേരയില്ലേ? മൂപ്പരുടെയൊക്കെ മാർഗ്ഗമാണ് ഈ സി.പി. ജലീലിനേപ്പോലുള്ള മാവോയിസ്റ്റുകളും പയറ്റിക്കൊണ്ടിരിക്കുന്നത്. ബൊളീവിയൻ കാടിന് പകരം വയനാടൻ കാടുകൾ ആവുന്നു എന്ന വ്യത്യാസമേയുള്ളൂ. എന്നുവച്ചാൽ കമ്മ്യൂണിസമെന്ന നിങ്ങളുടെ പ്രത്യയശാസ്ത്രത്തിലും അതിന്റെ യഥാർത്ഥ പ്രയോഗരീതികളിലും നിങ്ങൾക്കില്ലാത്ത വിശ്വാസവും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവരാണ് ഇങ്ങനെ നാടൻ തോക്കും പിടിച്ച് കാടുകയറുന്നതെന്ന് സാരം. അവരെയാണ് പിണറായി വിജയൻ എന്ന നിയോ ലിബറൽ കമ്മ്യൂണിസ്റ്റിന്റെ ഗവൺമെന്റ് പിന്നിൽ നിന്ന് വെടിവച്ച് കൊല്ലുന്നത്.

അതായത് ഒന്നുകിൽ ചെ ഗുവേര പോലുള്ള അതിസാഹസികരുടേയും മാവോ, സ്റ്റാലിൻ തുടങ്ങിയ ക്രൂരരായ സ്വേച്ഛാധിപതികളുടേയും കാലം കഴിഞ്ഞു എന്നും നിയമവാഴ്ച നിലനിൽക്കുന്ന ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് ഇവരൊന്നും ഒരുനിലക്കും മാതൃകയല്ലെന്നും തുറന്ന് സമ്മതിക്കുക, ആ നിലയിലുള്ള വിപ്ലവ തള്ള് അവസാനിപ്പിക്കുക, ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതികൾക്ക് നേതൃത്വം കൊടുത്ത ഇവരെയൊന്നും പോസ്റ്ററിലും ഫ്ലക്സിലും ഫോട്ടോ വച്ച് ആരാധിക്കാതിരിക്കുക. അതല്ലെങ്കിൽ അവരുടെയൊക്കെ ആഹ്വാനം കേട്ട് വഴി പിഴച്ചുപോയ അൽപ്പബുദ്ധികളെ ഇങ്ങനെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ക്രൂരമായി കൊല്ലാതെയെങ്കിലുമിരിക്കുക.

ഇത് പഴയ കാലമല്ല, ഇന്ത്യ ഉത്തര കൊറിയയുമല്ല, കൊല്ലപ്പെടുന്നത് ആരുതന്നെയായാലും ഭരണകൂട കൊലപാതകങ്ങൾക്ക് ഭരിക്കുന്ന സർക്കാർ ഉത്തരം പറഞ്ഞേ മതിയാവൂ.

#WhyEncounterKillings?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here