Advertisement

സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ എറണാകുളത്ത് തന്റെ പേര് മാത്രമേയുള്ളൂവെന്ന് കെ.വി തോമസ്

March 9, 2019
Google News 1 minute Read

എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തന്റെ പേര് മാത്രമാണ് ലിസ്റ്റിലുള്ളതെന്ന് സിറ്റിംഗ് എം പി പ്രൊഫ.കെ.വി തോമസ്. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പരിഗണിച്ച് കെ.പി.സി.സി യും ഡി.സി.സി യും നല്‍കിയ ലിസ്റ്റില്‍ തന്റെ പേര് മാത്രമാണുള്ളതെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും കെ വി തോമസ് പറഞ്ഞു.

Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പ്; കെവി തോമസിനൊപ്പം ഹൈബി ഈഡനെയും പരിഗണിച്ച് ഹൈക്കമാൻഡ്‌

എറണാകുളം യുഡിഎഫിന്റെ മികച്ച വിജയപ്രതീക്ഷയുള്ള മണ്ഡലമാണ്.ആര് സ്ഥാനാര്‍ഥിയായാലും എറണാകുളത്ത് യു ഡി എഫ് ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി  ഹൈബി ഈഡന്‍ എംഎല്‍എ യെ യും പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയായിരുന്നു കെ വി തോമസിന്റെ പ്രതികരണം. സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ രാജ്യസഭാ എം പി യുമായ പി രാജീവാണ് എറണാകുളത്ത് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കരുത്തനായതിനാല്‍ മത്സരം കടുക്കുമെന്നും യുവ സ്ഥാനാര്‍ത്ഥിയെ എറണാകുളത്ത് നിര്‍ത്തണമെന്നും യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നിരുന്നു.അതേ സമയം യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്പു തന്നെ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സഹിതമുള്ള ചുവരെഴുത്തുകള്‍ തുടങ്ങിയിരുന്നെങ്കിലും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ എറണാകുളം മണ്ഡലത്തില്‍ പലയിടത്തും ചുവരെഴുത്തുകളില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുടെ മേല്‍നോട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന അന്തിമ ചര്‍ച്ചകള്‍ക്കു ശേഷമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുകയുള്ളൂ. വി എം സുധീരന്‍ അടക്കമുള്ള നേതാക്കളോട് തിങ്കളാഴ്ച ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here