എത്യോപ്യയിലെ വിമാനാപകടം; 157 പേരും മരിച്ചതായി സ്ഥിരീകരണം

എത്യോപ്യയില്‍ നിന്നും കെനിയയിലെ നെയ്‌റോബിയിലേയ്ക്ക് 157 പേരുമായി പോയ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ എല്ലാവരും മരിച്ചതായി സ്ഥിരീകരണം. 149 യാത്രക്കാരും 8 ജീവനക്കാരുമാണ് മരിച്ചത്.അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന ആരും ജീവിച്ചിരിപ്പില്ലെന്ന് സര്‍ക്കാര്‍ വാര്‍ത്താവിതരണ വിഭാഗമാണ് സ്ഥിരീകരിച്ചത്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 800 മാക്‌സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് രാവിലെ എട്ടരയോടെ പറന്നുയര്‍ന്ന വിമാനം മിനിട്ടുകള്‍ക്കുള്ളിലാണ് തകര്‍ന്നു വീണത്. നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബിഷോഫ്തു നഗരത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. മരിച്ച യാത്രക്കാരുടെയടക്കം വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.അപകടത്തില്‍പ്പെട്ട വിമാനം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ് വാങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here