മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പും ഏപ്രില്‍ 23 ന്; കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകും

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23 ന് തന്നെ മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പും നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ. പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കശ്മീരില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല.
Read More: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇത്തവണത്തെ തെരഞ്ഞടുപ്പിന് പുതുമകളേറെ
തെരഞ്ഞെടുപ്പ് കമ്മീഷനെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ 3 മുന്നണികളും മഞ്ചേശ്വരം പിടിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. 89 വോട്ടുകൾക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ പരാജയപ്പെട്ടത്.
കേസിന്റെ വിധി കാത്തുനിൽക്കാതെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽനിന്ന് കെ സുരേന്ദ്രൻ പിന്മാറിയതിനെ തുടർന്നാണ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പും നടക്കുന്നത്. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 23ന് തന്നെ മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 259 കള്ളനോട്ടുകൾ തനിക്കെതിരായി നടന്നു എന്നാണ് ബിജെപി സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രൻ കോടതിയിൽ ആരോപിച്ചത്.89 വോട്ടുകൾക്കായിരുന്നു അന്ന് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്.
2011 ൽ അബ്ദുൾ റസാഖ് നേടിയ 6000 വോട്ടിന്റെ ഭൂരിപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 89 ആയി കുറയ്ക്കാന്‍ ബിജെപിയ്ക്കായി.
ഇത്തവണ ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി മണ്ഡലത്തിൽ വിജയം നേടാനാണ് ബിജെപിയുടെ നീക്കം. പ്രാദേശിക നേതൃത്വം മത്സരിക്കട്ടെ എന്ന നിലപാട് കെ സുരേന്ദ്രൻ സ്വീകരിച്ചതോടെ രതീശ തന്ത്രി കുണ്ടാറിന്റെ പേരാണ് മണ്ഡലത്തിലെ പ്രധാന പരിഗണന.
ശബരിമല വിഷയത്തിൽ ബിജെപിയുടേത് ഇരട്ടത്താപ്പെന്ന് ആരോപിച്ചാവും ഇടതുപക്ഷവും കോൺഗ്രസ്സും ഉപതെരഞ്ഞെടുപ്പിനെ നേരിടുക. മുസ്ലീം ലീഗിന്റെ സീറ്റായ മഞ്ചേശ്വരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറിന്റെയും ലീഗ് ജില്ലാ പ്രസിഡന്റ് എംസി കമറുദ്ദീന്റെയും പേരാണ് യുഡിഎഫിൽ പ്രധാനമായും ഉയരുന്നത്.
എല്‍ഡിഎഫില്‍ സിപിഎമ്മിലെ വി.പി.പി.മുസ്തഫ യുടേയും സി.എച്ച് കുഞ്ഞമ്പുവിന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് തീയതി വന്നതോടെ എത്രയും വേഗം സ്ഥാനാർത്ഥികളെ തീരുമാനിച്ച് കളത്തിലേക്കിറങ്ങാൻ മൂന്നു മുന്നണികളും ഒരുങ്ങിക്കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here