ഗുജറാത്തിലെ പട്ടേൽ പ്രതിമ; പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ല

3000 കോടി മുതൽമുടക്കിൽ നിർമ്മിച്ച ഗുജറാത്തിലെ പട്ടേൽ പ്രതിമ നടത്തിപ്പിൽ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാർക്ക് മൂന്നു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ഗുജറാത്തി പത്രമായ ‘ദിവ്യ ഭാസ്‌ക്കർ’ റിപ്പോർട്ട് ചെയ്യുന്നു.

ശമ്പളം ലഭിക്കാത്ത ജീവനക്കാർ പ്രതിമക്ക് ചുറ്റും മനുഷ്യചങ്ങല തീർത്തെന്ന് റിപ്പോർട്ടിലുണ്ട്. അപ്‌ഡേറ്റർ സർവീസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ശമ്പളം കൊടുക്കാത്തത്.

Read Also : പട്ടേൽ പ്രതിമയ്ക്ക് എണ്ണക്കമ്പനികൾ 200 കോടി നൽകണമെന്ന് കേന്ദ്രത്തിന്റെ രഹസ്യ ശാസനം

പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള സ്ത്രീകളും പുരുഷന്മാരുമായ സെക്യൂരിറ്റി ജീവനക്കാർ, പൂന്തോട്ട ജോലിക്കാർ, ശുചീകരണ തൊഴിലാളികൾ, ലിഫ്റ്റ് ജീവനക്കാർ, ടിക്കറ്റ് ചെക്കർമാർ എന്നിവരാണ് സമരത്തിലുള്ളത്.

2018ൽ, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായിരുന്ന ഒക്ടോബർ 31നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ ഉദ്ഘാടനം ചെയ്തത്. 182 മീറ്റർ ഉയരമുള്ള പ്രതിമയുടെ നിർമ്മാണത്തിലെ ആദ്യ ഘട്ടത്തിൽ തന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വലിയ രീതിയിൽ പണം ഒഴുക്കി പ്രതിമ നിർമ്മിക്കുന്ന നടപടിയെ വിമർശിച്ച പ്രതിപക്ഷ കക്ഷികൾ നിർമ്മാണം രാഷ്ട്രീയ താൽപ്പര്യങ്ങളാണ് എന്ന് ആരോപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top