നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഏപ്രിൽ മൂന്നിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജി ഏപ്രിൽ മൂന്നിലേക്ക് മാറ്റി. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്. രേഖയാണെന്നും പ്രതിയെന്ന നിലയിൽ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നുമാണ് ദിലീപിൻറെ വാദം. ആക്രമണദൃശ്യങ്ങൾ നടൻറെ കൈവശമെത്തിയാൽ നടിക്ക് കോടതിയിൽ സ്വതന്ത്രമായി മൊഴി നൽകാനാവില്ലെന്നാണ് സംസ്ഥാനസർക്കാരിൻറെ നിലപാട്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സർക്കാർ വാദിക്കുന്നു.
Read Also : നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജിയെ അനുവദിച്ചു
ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആൻറണി പിടിയിലായി. സുനിൽകുമാർ അടക്കം 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഫെബ്രുവരി 19ന് നടിയെ ആക്രമിക്കാൻ ഉപയോഗിച്ച വാൻ കൊച്ചി തമ്മനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഫെബ്രുവരി 23ന് കീഴടങ്ങാനായി എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ സുനിൽകുമാറിനേയും വിജീഷിനേയും ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടി. കേസിൽ ജൂൺ 18ന് സുനിൽകുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്കൽസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്. ആലുവ പൊലീസ് ക്ലബിൽവെച്ച് ദിലീപിനെ വൈകിട്ട് ആറരയോടെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here