Advertisement

കോട്ടയം സീറ്റ്; കോൺഗ്രസിൽ അതൃപ്തി, കടുത്ത നിലപാട് എടുത്തേക്കും

March 14, 2019
Google News 1 minute Read
pj-joseph.

കോട്ടയത്തെ സ്ഥാനാർത്ഥി വിവാദത്തിൽ കോൺഗ്രസിന് അതൃപ്തി.  സീറ്റ് തർക്കം തിരിച്ചടിയായേക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ. ഇടുക്കി, പത്തനംതിട്ട അടക്കമുള്ള മറ്റ് മണ്ഡലങ്ങളിലെ വോട്ടുകളേയും ഇത് ബാധിക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. മാണിയോട് സ്ഥാനാർത്ഥിയെ മാറ്റാൻ ആവശ്യപ്പെട്ടാൽ അത് കൂടുതൽ സങ്കീർണ്ണമാകുമെന്നതിനാൽ വളരെ കരുതലോടെയാണ് നേതാക്കളുടെ നീക്കം. യുഡിഎഫിന് കോട്ടം ഉണ്ടാകാത്ത രീതിൽ പ്രശ്നം പരിഹരിക്കാനാണ് നീക്കം എന്നും സൂചനയുണ്ട്. ഉമ്മൻചാണ്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന് പിജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസിനോട് മൃദുസമീപനം വേണ്ടെന്ന് കോൺഗ്രസിൽ ഒരുവിഭാഗം വിശദമാക്കിയിട്ടുണ്ട്. അതേസമയം മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാക്കൾ രാഹുലിനെ അറിയിച്ചുവെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് തർക്കത്തെക്കുറിച്ച് രാഹുൽ ഗാന്ധി നേതാക്കളിൽ നിന്നും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. മുല്ലപ്പള്ളിയും, ഉമ്മൻചാണ്ടിയും, കെസി വേണുഗോപാലും മത്സര രംഗത്ത് വേണമെന്നാണ് രാഹുലിന്റെ നിലപാട്. എന്നാൽ സ്ഥാനാർത്ഥിയാകില്ലെന്ന് നേതാക്കൾ വീണ്ടും വ്യക്തമാക്കിയെന്നാണ് സൂചന.

നാളെ വൈകീട്ടോടെ അനിശ്ചിതത്വത്തിൽ തീരുമാനം ആകുമെന്നും ശുഭാപ്തി വിശ്വാസത്തിൽ ആണ് താനെന്നും പിജെ ജോസഫ് പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസില്‍ തന്നെ അടിയന്തരമായി പരിഹരിക്കണമെന്നും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നു ചര്‍ച്ചകളുടെ സാധ്യതകള്‍ പരിശോധിക്കുകയാണെന്നും ബെന്നി ബെഹനാന്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. കോട്ടയം സീറ്റിന്റെ പേരില്‍ ഉയര്‍ന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് രൂക്ഷമായ ഭിന്നതയിലൂടെയാണ് കടന്ന് പോകുന്നത്. ജോസഫിനെ വെട്ടി മാണിവിഭാഗം, ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ.യും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ്. ചെയർമാന്റെ തീരുമാനത്തിന് കാത്തിരിക്കുന്നതായും ശുഭാപ്തി വിശ്വാസമുണ്ടെന്നും പിജെ ജോസഫ് അറിയിച്ചതിന് പിന്നാലെയാണ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കി കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപനം വന്നത്.

കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പ്രവർത്തകരുടെ വികാരം മാനിച്ചാണെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം. ജോസഫ് ഈ തീരുമാനം ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വികാരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്ന ആളല്ല ജോസഫെന്നും മാണി പറഞ്ഞു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here