പബ്ജി കളിച്ചതിന് ഗുജറാത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍
മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചതിന് ഗുജറാത്തില്‍ പത്ത് പേരെ അറസ്റ്റു ചെയ്തു. രാജ്‌കോട്ടിലാണ് ആറ് ബിരുദ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തത്. മാര്‍ച്ച് ആറിന് രാജ്‌കോട്ടില്‍ പൊലീസ് പബ്ജി നിരോധിച്ചിരുന്നു.
അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് കോടതിയില്‍ വിചാരണ നേരിട്ടാല്‍ മതിയെന്നും പൊലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. നിരോധനത്തിന് ശേഷം ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്‌കോട്ടില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ വഡോദരയിലും ആനന്ദിലും പബ്ജി, മോമോ ഗെയിമുകള്‍ക്ക് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. അടുത്തിടെ ജമ്മു കശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷനും പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പബ്ജിക്ക് അടിമകളാകുന്നത് കുട്ടികളാണെന്നും, അതിനാല്‍ പരീക്ഷാക്കാലമായതിനാലാണ് നിരോധിച്ചതെന്നുമാണ് അധികൃതര്‍ വിശദീകരിച്ചിരുന്നത്.
അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ വാര്‍ ഗെയിം ആണ് പബ്ജി. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഇന്ത്യയിലെങ്ങും ഉയരുന്നത്. നേരത്തെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി തന്നെ പബ്ജിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. പബ്ജി നിരോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുന്നു എന്നാണ് റിപ്പോര്‍ട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here