Advertisement

ജനങ്ങള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കാന്‍ മോദി തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി

March 14, 2019
Google News 0 minutes Read

തനിക്ക് പറയാനുള്ളത് ജനങ്ങളോട് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മന്‍ കി ബാത്ത് പറയുക മാത്രമല്ല പ്രധാനമന്ത്രിയുടെ ജോലിയെന്നും കഴിഞ്ഞ അഞ്ചു വര്‍ഷവും രാജ്യം കേട്ടത് ഒരാളുടെ മാത്രം ശബ്ദമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോഴിക്കോട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനമഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

പ്രധാനമന്ത്രി ജനങ്ങളെയും രാജ്യത്തെയും കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. അതു കൊണ്ടു തന്നെ ജനങ്ങള്‍ തന്നെ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. മന്ത്രിമാരോടോ ഉദ്യാഗസ്ഥരോടോ പോലും പ്രധാനമന്ത്രി ഒന്നും ആലോചിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഏറ്റവും ദുര്‍ബലരായവരെ പരിഗണിക്കുന്നതു വഴി രാജ്യത്തെ അറിയാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുന്നത്. തങ്ങളുടെ പ്രത്യയശാസ്ത്രം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയെന്നതാണ് ബിജെപി ഇപ്പോള്‍ നടപ്പാക്കി വരുന്നത്. എന്നാല്‍ ജനങ്ങള്‍ പറയുന്നതെന്തെന്ന് കേള്‍ക്കാനും അതനുസരിച്ച് മുന്നോട്ടു പോകാനുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അധികാരത്തിലെത്തിയാല്‍ മിനിമം വരുമാനം ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാജ്യത്തിനു മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി.

സ്വന്തം അഭിപ്രായത്തിനല്ലാതെ മറ്റൊന്നിനും വില കല്‍പ്പിക്കാത്ത മോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കോടീശ്വരന്‍മാരുടെ കോടികള്‍ എഴുതിത്തളളുന്ന മോദി പാവപ്പെട്ട കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുകയാണ്. പുല്‍വാമയില്‍ നിരവധി സൈനികര്‍ വീരമ്യത്യു വരിച്ചപ്പോള്‍ മോദി ഷൂട്ടിങിനായി മേക്കപ്പിടുന്ന തിരക്കിലായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. സിപിഎമ്മിനെതിരെയും രാഹുല്‍ പ്രസംഗത്തിനിടെ രൂക്ഷമായി വിമര്‍ശിച്ചു. അക്രമത്തിന്റെ പാതയാണ് സിപിഎം എല്ലായിടത്തും പിന്തുടരുന്നതെന്നും അക്രമത്തിലൂടെ എക്കാലവും അധികാരത്തില്‍ തുടരാമെന്ന് സിപിഎം ആഗ്രഹിക്കേണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here