Advertisement

അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് ‘കോസ്റ്റ്ലി’യായേക്കും; മെക്സിക്കൻ തക്കാളിക്ക് 17% തീരുവ ചുമത്തി ട്രംപ്

8 hours ago
Google News 2 minutes Read

അമേരിക്കൻ തക്കാളിക്കർഷകരെ സഹായിക്കാനെന്ന വിശദീകരണത്തോടെയാണ് ട്രംപ് ഭരണകൂടം മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തിയത്. അമേരിക്കൻ വിപണിയിലെത്തുന്ന 70 ശതമാനം തക്കാളിയും മെക്സിക്കോയിൽ നിന്നാണ്. രണ്ട് പതിറ്റാണ്ട് മുൻപ് 30 ശതമാനം തക്കാളിയായിരുന്നു മെക്സിക്കോയിൽ നിന്നെത്തിയിരുന്നത്. തീരുവ പ്രാബല്യത്തിലായി.

മെക്സിക്കോയുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് തക്കാളിക്ക് തീരുവ ഏർപ്പെടുത്തിയത്. അമേരിക്കൻ കർഷകർക്ക് തീരുമാനം തുണയായേക്കുമെങ്കിലും ഇറക്കുമതി കൂടുതലായതിനാൽ തക്കാളി വില കൂടും. പ്രഭാത ഭക്ഷണത്തിലുൾപ്പെടെ തക്കാളി വിഭവങ്ങൾ ഉപയോഗിക്കുന്ന അമേരിക്കക്കാർക്ക് വിലക്കയറ്റം തിരിച്ചടിയായേക്കും. ബ്രസീലിൽ നിന്നുള്ള കാപ്പിക്കും ഓറഞ്ചിനും 50 ശതമാനം തീരുവ ചുമത്തിയതും സാധാരണക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു. വില കുറഞ്ഞ തക്കാളി ഇറക്കുമതി മൂലം നീതിപൂർവമായ മത്സരം സാധ്യമാകുന്നില്ലെന്ന ആശങ്ക അമേരിക്കൻ കർഷകർ പങ്കുവച്ചിരുന്നു.

തീരുവ വന്നതോടെ ചില്ലറ വിൽപ്പനയ്ക്കെത്തുന്ന തക്കാളിയുടെ വിലയിൽ 8.5 ശതമാനം വിലക്കയറ്റമുണ്ടായേക്കുമെന്ന് അമേരിക്കയിലെ ഫ്രഷ് പ്രൊഡ്യൂസ് അസോസിയേഷൻ പ്രസിഡന്റ് ലാൻസ് ജംഗ്മെയർ പറഞ്ഞു. മെക്സിക്കൻ തക്കാളിയെ കൂടുതൽ ആശ്രയിക്കുന്ന പ്രദേശങ്ങളിൽ 10 ശതമാനം വരെ വില ഉയരുമെന്നും മറ്റുള്ള ഇടങ്ങളിൽ 6 ശതമാനം വർധനവ് അനുഭവപ്പെടാമെന്നും വ്യാപാര ഗ്രൂപ്പുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാണിജ്യ വകുപ്പിന് അയച്ച കത്തിൽ, യുഎസ് ചേംബർ ഓഫ് കൊമേഴ്‌സും മറ്റ് 30 സംഘടനകളും പറഞ്ഞത്, ഈ നീക്കം വ്യാപാര പങ്കാളികളിൽ നിന്നുള്ള പ്രതികാര നടപടികളിലേക്കും നയിച്ചേക്കുമെന്നാണ്. തക്കാളി ഒഴികെയുള്ള വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബിസിനസ് സമൂഹം കാര്യമായ വ്യാപാര അനിശ്ചിതത്വം നേരിടുന്ന സമയത്ത് – കരാറിൽ നിന്ന് പിന്മാറുന്നത് തങ്ങളുടെ വ്യാപാര പങ്കാളികളിൽ നിന്നുള്ള പ്രതികാര നടപടികളിലേക്ക് നയിച്ചേക്കാമെന്ന് ആശങ്കപ്പെടുന്നെന്നും കത്തിൽ പറയുന്നു. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടും ഡെമോക്രാറ്റ് പാർട്ടി അംഗമായ അരിസോണ ഗവർണർ കാറ്റി ഹോബ്‌സും തങ്ങളുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കാതിരിക്കാൻ കരാർ ഉറപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശാലമായ വ്യാപാര സമീപനവുമായി പൊരുത്തപ്പെടുന്നതാണ്. മെക്സിക്കോയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള സാധനങ്ങൾക്ക് പ്രത്യേക 30% അടിസ്ഥാന താരിഫ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത് വരുന്നത്.

Story Highlights : Trump imposes a 17% duty on fresh Mexican tomatoes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here