രാഹുൽ ഗാന്ധി കേരളത്തിൽ; ശരത് ലാലിന്റേയും, കൃപേഷിന്റേയും, ശുഹൈബിന്റേയും വീടുകൾ സന്ദർശിക്കും

rahul gandhi

കേരളത്തിലെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ടും കാസർകോട്ടുമെത്തും.

ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും ജനമഹാറാലിയുടെ വേദിയില്‍ അണിനിരത്തി രാഹുല്‍ ഗാന്ധി മലബാറില്‍ വോട്ടഭ്യർത്ഥന നടത്തും. വൈകിട്ടാണ് തെരഞ്ഞെടുപ്പ് റാലി.  ഔദ്യോഗികമായ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കോഴിക്കോട്ട്   പ്രചാരണം തുടങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും വേദിയിലുണ്ടാകും. അതേസമയം കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് കോൺഗ്രസിൽ ആശയ കുഴപ്പങ്ങളും ചേരിപ്പോരും തുടരുകയാണ്.  സ്ഥാനാർത്ഥിപട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയേക്കും.

ഉച്ചയ്ക്ക് 1.10ന് പെരിയയിൽ എത്തുന്ന രാഹുൽ കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകളിൽ സന്ദർശനം നടത്തും. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന് രാഹുൽ കൊല്ലപ്പെട്ട ശുഹൈബിന്റെ വീട്ടിലും സന്ദർശനം നടത്തിയ ശേഷം വൈകിട്ട് കോഴിക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. 3.15ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ റോഡ് മാർഗ്ഗമാണ് വേദിയിലേക്ക് എത്തുക.

അധികാരത്തിലെത്തിയാൽ കേന്ദ്രസർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33ശതമാനം സംവരണം കൊണ്ട് വരുമെന്ന് ഇന്നലെ ചെന്നൈയിൽ രാഹുൽ പ്രഖ്യാപിച്ചിരുന്നു. തമിഴരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന മോദിയുടേയും ആർഎസ്എസിന്റേയും അജണ്ടയ്ക്ക് എതിരെ ഒരുമിക്കണമെന്നും രാഹുൽ ആഹ്വാനം ചെയ്തിരുന്നു. പാർവതി പുരം സ്കോട്ട് കോളേജ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ വൻജനാവലിയാണ് ഉണ്ടായിരുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top