സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിന് അബുദാബിയില്‍ തുടക്കമായി
ലോക രാജ്യങ്ങളുടെ റെക്കോഡ് പങ്കാളിത്തവുമായി സ്പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിന് അബുദാബിയില്‍ വര്‍ണ്ണാഭമായ തുടക്കം. 195 പങ്കാളിത്ത രാജ്യങ്ങളും അഞ്ച് നിരീക്ഷക രാജ്യങ്ങളുമടക്കം ഇരുന്നൂറ് രാജ്യങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഇത്തവണ നിശ്ചയദാര്‍ഢ്യക്കാരായവരുടെ ഒളിമ്പിക്‌സ് നടക്കുന്നത്. സായദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ആഘോഷപരിപാടികളോടെയാണ് ആറ് ദിവസം നീണ്ട് നില്‍ക്കുന്ന ഒളിമ്പിക്‌സിന് തുടക്കമായത്. അബുദാബിയിലെയും ദുബായിലെയും വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. ആതിഥേയരായ യു.എ.ഇയാണ് ഒളിമ്പിക്‌സില്‍ ഏറ്റവുമധികം മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത്. തൊട്ട് പിറകില്‍ ശക്തമായ സാന്നിദ്ധ്യമായി ഇന്ത്യയില്‍ നിന്നുള്ള പ്രതിഭകള്‍ സംഘാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്.
നിശ്ചയദാര്‍ഢ്യക്കാരായവരുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് സ്പെഷ്യല്‍ ഒളിമ്പിക്‌സ് നടക്കുന്നത്. അടുത്ത അന്‍പത് വര്‍ഷത്തെ സ്പെഷ്യല്‍ ഒളിമ്പിക്‌സ് ലക്ഷ്യങ്ങള്‍ കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇത്തവണ നടക്കുന്നത്.
കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം, കൂടുതല്‍ വനിതാ അത്ലറ്റുകളുടെ പങ്കാളിത്തം, മുന്‍പത്തേക്കാളും ഏകീകൃത സംവിധാനം എന്നിവയെല്ലാം സ്പെഷ്യല്‍ ഒളിമ്പിക്‌സ് അബുദാബിയെ വേറിട്ടതാകുന്നു. നിശ്ചയദാര്‍ഢ്യക്കാരായവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ ഒളിമ്പിക്‌സ് പ്രത്യേക റിപ്പോര്‍ട്ടര്‍മാരായി നിയമിക്കുക വഴി സമൂഹത്തോട് മഹത്തായ ആശയമാണ് യു.എ.ഇ പങ്ക് വെക്കുന്നത്. അതുപോലെ തന്നെ സ്പെഷ്യല്‍ ഒളിമ്പിക്‌സ് അംബാസിഡര്‍മാരായും പിന്നണി പ്രവര്‍ത്തകരായും ചുമതലയേല്‍പ്പിച്ചുകൊണ്ട് ഇവരെ സജീവമാക്കാനുള്ള ശ്രമങ്ങളും ലോകത്തിന് മാതൃകയാവുന്നു. ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യയില്‍ നിന്നുള്ള പതിനാല് വനിതാ അത്ലറ്റുകള്‍ ഇത്തവണ ഒളിമ്പിക്‌സിനെത്തുന്നു എന്നതും ഏറെ ശ്രദ്ധേയമായ മാറ്റമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here